Join News @ Iritty Whats App Group

'പട്ടിണി കിടക്കുന്നവൻ വോട്ട് ചെയ്തിട്ടാണ് മന്ത്രി ആയത്, നികുതി കുറക്കണം മാപ്പും പറയണം'; അബ്ദുറഹ്മാനെതിരെ ഷാഫി


പാലക്കാട്: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുള്ള കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ രംഗത്ത്. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകൾ അധികാരം തലക്ക് പിടിച്ചതിന്‍റെയാണെന്ന് ഷാഫി അഭിപ്രായപ്പെട്ടു. പട്ടിണി കിടക്കുന്നവൻ കൂടി വരിവരിയായി നിന്ന് വോട്ട് ചെയ്തിട്ടാണ് താങ്കൾ മന്ത്രി ആയതെന്ന് ഓർക്കണമെന്നും അധികാരം തലക്ക് പിടിച്ച മന്ത്രി നികുതിയും കുറക്കണമെന്നും മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

നേരത്തെ അബ്ദുറഹ്മാന്‍റെ പ്രസ്താവനക്കെതിരെ സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് മൽസരത്തിന്‍റെ ടിക്കറ്റ് നികുതി വർദ്ധനവിനെ കുറിച്ചുള്ള സ്പോർട്സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ല. കേരളത്തിൽ നടക്കുന്ന ഒരു മൽസരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവർക്കുമുണ്ടല്ലോ. അവർ പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നത്. പാവപ്പെട്ടവർക്കും മറ്റെല്ലാ ജനവിഭാഗങൾക്കും കണി കാണാൻ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സർക്കാറിനുമുണ്ടെന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നും പന്ന്യന്‍ ഫേസ്ബുക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവനും ക്രിക്കറ്റ് കാണണമെന്നും പട്ടിണി കിടക്കുന്നവനും കാണേണ്ട കളിയാണ് ക്രിക്കറ്റെന്നും ചെന്നിത്തല ചൂണ്ടികാട്ടി. ടിക്കറ്റ് നിരക്ക് വർധനയ്ക്ക് നീതീകരണമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സി എയും സർക്കാരും തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് അവർ പരിഹരിക്കണമെന്നും ജനങ്ങളുടെ മേലെ അല്ല പഴിചാരേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ടിക്കറ്റ് നിരക്ക് കുറക്കാൻ നടപടി വേണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group