Join News @ Iritty Whats App Group

വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബസുകളില്‍ സുരക്ഷിത യാത്ര; 'വിദ്യാവാഹിനി' ആപ്പുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി സ്കൂള്‍ ബസുകളില്‍ ജിപിഎസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നതായി ഗതാഗത മന്ത്രി ആന്‍റണി രാജു. ‘വിദ്യാവാഹിനി’ എന്ന് പേര് നല്‍കിയിരിക്കുന്ന ആപ്പിലൂടെ കുട്ടികളുടെ യാത്രസമയം രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാനാകും. ആപ്പിന്‍റെ ഭാഗമായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തും.കെഎസ്ആർടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ‍‍ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്മെന്റ് സിസ്റ്റവും ഇതിൽ നടപ്പാക്കും.

പൊതുയാത്രാ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബസുകളുടെ സമയ ക്രമം മൊബൈല്‍ ആപ്പില്‍ അറിയാനാകും. വിദ്യാർഥികൾക്കു രാവിലെ സ്കൂളിൽ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസ്സിലാക്കാൻ സാധിക്കും.

സ്കൂൾ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കും. 20,000 സ്കൂൾ ബസുകളാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഇതിൽ പതിനാലായിരത്തോളം ബസുകള്‍ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ജിപിഎസ് ഘടിപ്പിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group