Join News @ Iritty Whats App Group

കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്ത് കൊന്ന കേസ്: രണ്ടു പ്രതികൾക്കും ജീവപര്യന്തം


തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്ത് കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ 1,65,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നല്‍കണം. പ്രതികളായ തിരുവല്ലം സ്വദേശികൾ ഉമേഷും ഉദയനും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.

കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.

ചെയ്ത കുറ്റത്തിന് ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോ എന്ന് പ്രതികളോട് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഉമേഷും ഉദയനും മറുപടി നൽകിയില്ല. ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതികൾ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടത്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. 2018 മാർച്ച് 14 ന് വിദേശ വനിതയെ കാണാതായത്. 37 ദിവസത്തിന് ശേഷം പനത്തുറയിലെ കണ്ടൽകാട്ടിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

വിഷാദ രോഗത്തിന് ചികിത്സയ്ക്ക് എത്തിയ ലാത്വിയൻ യുവതിക്ക് ലഹരിവസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് കോവളത്തിന് സമീപം കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group