Join News @ Iritty Whats App Group

ഉളിക്കൽ മേഖലയിൽ രണ്ടുപേർ കടുവയെകണ്ടെന്ന വെളിപ്പെടുത്തൽ; ജനങ്ങൾ ഭീതിയിൽ




 ഇരിട്ടി : ഉളിക്കൽ മേഖലയിൽ രണ്ടുപേർ കടുവയെകണ്ടെന്ന വെളിപ്പെടുത്തൽ ജനങ്ങളെ ഭീതിയിലാക്കി. ഇവർ നൽകിയ വിവരത്തെത്തുടർന്ന് ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, ഉളിക്കൽ സി ഐ സുധീർ കല്ലൻ, എസ് ഐ ബേബിജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ജനങ്ങളോട് ജാഗ്രതപാലിക്കാൻ നിർദ്ദേശം നൽകി.
 മാട്ടറ പീടികക്കുന്ന് പുഴയരികിലാണ് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ കടുവയെ ആദ്യം കണ്ടത്. പുഴയിൽ മീൻ പിടിക്കാൻ പോയ കടമനക്കണ്ടിയിലെ ബിനു തകരപ്പള്ളിൽ ആണ് കടുവയെ കാണുന്നത്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലം മാത്രമാണ് കർണ്ണാടക വനമേഖലയിലേക്കുള്ളൂ.
കടുവയെക്കണ്ടെന്ന് വിവരത്തെത്തുടർന്ന് ജനങ്ങൾ ജാഗ്രതപാലിച്ചിരിക്കവേ ആണ് ശനിയാഴ്ച പുലർച്ചെ വീണ്ടും കടുവയെകണ്ടതായുള്ള വിവരം വരുന്നത്. ആദ്യം കണ്ട സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റർ അകലെ പുറവയൽ മൂസാൻ പീടികയ്ക്ക് സമീപമായിരുന്നു അത്. പുലർച്ചെ ആറു മണിയോടെ മണിക്കടവ് ഭാഗത്തു നിന്നും ഉളിക്കലിലേക്ക് പോയ ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് കടുവയെ കാണുന്നത്. ആട്ടറഞ്ഞി റോഡിൽ നിന്നും റബർ തോട്ടത്തിലൂടെ വയത്തൂർ ഭാഗത്തേക്കാണ് കടുവ പോയതെന്ന് അവർ പറഞ്ഞു.
ശ്രീകണ്ഠപുരം ഫോറസ്റ്റ് റെയിഞ്ചിൽ പെട്ട സ്ഥലമാണ് ഇവിടം. ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. പി. മുകേഷ്, ഫോറസ്റ്റർ വിജയനാഥ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ഷാജിയും അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group