Join News @ Iritty Whats App Group

ആറളം,അയ്യൻകുന്ന് വില്ലേജുകളിലെ റീ സർവ്വേമേഖലയിൽ സർവേ ഡയരക്ടരുടെ നേതൃത്വത്തിൽ പരിശോധന നടത്തി


ഇരിട്ടി: ആറളം,അയ്യൻകുന്ന് വില്ലേജുകളിലെ റീ സർവ്വേയിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സർവ്വേ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മേഖലയിൽ പരിശോധന നടത്തി. സർവ്വേ റിക്കാർഡുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൈവശക്കാരുടെ ഒരു തുണ്ട് ഭൂമിപോലും നഷ്ടപ്പെടുവാനുള്ള ഒരു സാഹചര്യവും ഉണ്ടാക്കില്ലെന്ന് സംഘം ജനങ്ങൾക്ക് ഉറപ്പുനൽകി. ഇതിനായി സ്പെഷ്യൽ ടീമിനെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരും. 
അയ്യൻകുന്നിൽ രണ്ടുവർഷം മുൻപ് റീ സർവേ നടപടികൾ ആരംഭിച്ചപ്പോൾ എടൂരിൽ മരാമത്ത് റോഡും നിരവധി വീടുകളും സ്ഥലങ്ങളും കടന്ന് സർവ്വേക്കല്ലുകൾ സ്ഥാപിക്കുകയുണ്ടായി. പലർക്കും വീടും കൃഷിയിടങ്ങളും നഷ്ടപ്പെടുന്ന അവസ്ഥ മേഖലയിലെ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രദേശവാസികൾക്ക് ഉണ്ടായ ആശങ്ക പരിഹരിക്കുന്നതിനായാണ് സംഘം എത്തിയത്. 
രണ്ടുമാസം മുമ്പ് തിരുവനന്തപുരത്ത് മന്ത്രിമാരായ കെ രാജൻ, എം. വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് സർവ്വേ ഡയറക്ടറുടെയും കലക്ടറുടെയും നേതൃത്വത്തിലുള്ള സംഘം മേഖലയിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്. ഇതനുസരിച്ചാണ് തിങ്കളാഴ്ച സംസ്ഥാന സർവേ ഡയറക്ടർ സാംബശിവറാവു, കലക്ടർ എസ്. ചന്ദ്രശേഖർ, അഡീഷണൽ ഡയറക്ടർ സുരേശൻ കാണിച്ചേരി, ഉത്തരമേഖലാ ജോയിൻ ഡയറക്ടർ ഡി. മോഹൻദാസ്, റീസർവേ അസിസ്റ്റൻറ് സർവെയർ രാജീവൻ പട്ടത്തിൽ, ഇരട്ടി താഹൽദാർ സി. വി. പ്രകാശൻ, ഭൂരേഖ തഹസിൽദാർ എം. ലക്ഷ്മണൻ, ഡെപ്യൂട്ടി കളക്ടർ ഷാജു എന്നിവരുടെ നേതൃത്വത്തിൽ ഉന്നതല സംഘം നേരിട്ട് എത്തി സ്ഥലം പരിശോധനക്ക് എത്തിയത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, ജനകീയ കർമ്മസമിതി ഭാരവാഹികളായ ഫാദർ തോമസ് വടക്കേമുറിയിൽ, വി.കെ. ജോസഫ്, ജോസഫ് വേങ്ങത്താനം എന്നിവർ സ്ഥലത്തെത്തി സംഘത്തിനും കാര്യങ്ങൾ വിശദീകരിച്ചു നൽകി. റിസർവേയുമായി മുന്നോട്ടു പോകുവാൻ അനുവദിക്കണമെന്നും സർവേയുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും സർവ്വേ ഡയറക്ടറും കളക്ടറും നാട്ടുകാർക്ക് ഉറപ്പുനൽകി. ഇക്കാര്യത്തിൽ തങ്ങൾ സർവ്വേയ്ക്ക് എതിരല്ലെന്നും ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും കർഷകർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group