Join News @ Iritty Whats App Group

കണ്ണൂരിൽ അനധികൃത ഖനനത്തിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂരിൽ അനധികൃത ഖനനത്തിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. ചുഴലി കൊളത്തൂർ പ്രദേശത്ത് നടക്കുന്ന അനധികൃത ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കണ്ണൂർ ജില്ലാ കളക്ടർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. നടപടി സ്വീകരിച്ച ശേഷം രണ്ടു മാസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

ദേവസ്വം അധീനതയിലുള്ള ചെങ്കൽ പാറ കയ്യേറി സനൂപ് എന്നയാൾ ചെങ്കൽ ഖനനം നടത്തുകയാണെന്ന് ആരോപിച്ച് പ്രദേശവാസി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ചെങ്കൽ മാഫിയയുടെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.

0.6465 ഹെക്ടർ സ്ഥലത്ത് നടന്നു വന്നിരുന്ന അനധികൃത ഖനനം നിർത്തിവയ്പ്പിച്ചതായി കണ്ണൂർ ജില്ലാ കളകടർ കമ്മീഷനെ അറിയിച്ചു. ചുഴലി വില്ലേജിലെ റീസർവ്വേ 30, 38 പ്രദേശങ്ങളിൽ ചെങ്കൽ ഖനനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. അനധികൃത ഖനനം നടത്തിയ ഭൂവുടമക്കെതിരെ നടപടിയെടുക്കാൻ തളിപ്പറമ്പ് തഹസീൽദാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിരോധിച്ചതായി പറയുന്ന സ്ഥലങ്ങളിലും ചെങ്കൽ ഖനനം നടക്കുന്നതായി പരാതിക്കാരി ആരോപിച്ചു. ഖനനം ശാശ്വതമായി തടയാൻ ജിയോളജി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു.

ഖനനം നടക്കുന്ന സ്ഥലങ്ങൾ ദേവസ്വത്തിന്റെതാണോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ദേവസ്വം ഭൂമി അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഖനനം നടക്കുന്ന സ്ഥലങ്ങളിൽ പട്രോളിംഗ് ശക്തമാക്കും. പോലീസ്, ജിയോളജി, റവന്യു വകുപ്പുകളുടെ സംയുക്ത ടീം രൂപീകരിക്കുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു. ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ തളിപ്പറമ്പ് ആർ.ഡി.ഒക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group