Join News @ Iritty Whats App Group

'വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ല'; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് ആവർത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രക്ഷോഭങ്ങൾ ഉണ്ടായാൽ മുഖം തിരിക്കുന്ന സർക്കാർ അല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് ആദ്യം തന്നെ അറിയിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതി ഉപേക്ഷിച്ചാൽ സംസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ ഇടിവ് സംഭവിക്കും. മാത്രമല്ല നിക്ഷേപങ്ങൾ കടന്നുവരുന്നതിന് വെല്ലുവിളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തീര ശോഷണം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കൽ ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഹരിതോർജ വരുമാന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നു എന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ല. പദ്ധതിക്കെതിരെ അഭിപ്രായവ്യത്യാസം നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത് സർക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ല. നാടിൻ്റെ മുന്നോട്ട് പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ കൂട്ടർ പൊലീസിനെതിരെ വ്യാപകമായി അക്രമം നടത്തി. നമ്മുടേത് പോലുള്ള സംസ്ഥാനത്തെ ഒരിക്കലും നടക്കില്ല എന്ന് നമ്മൾ കരുതിയ സംഭവമാണ് നടന്നത്. ഇത് എന്തിന് വേണ്ടിയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group