Join News @ Iritty Whats App Group

ശബരിമലയിൽ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ക്യൂ; ആദ്യദിനം ആയിരത്തോളം ഭക്തർക്ക് ദർശനം

വശബരിമലയിൽ കുട്ടികൾക്കും ഭിന്നശേഷിയുള്ളവർക്കും അവശത അനുഭവിക്കുന്ന മുതിർന്നവർക്കും ഉള്ള പ്രത്യേക ക്യൂ ഫലം കാണുന്നു എന്നതാണ് ആദ്യദിവസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. അയ്യപ്പ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഖ ദര്‍ശനമൊരുക്കാന്‍ നടപ്പന്തലില്‍ ആണ് പ്രത്യേക ക്യൂ തുടങ്ങിയത്. പ്രത്യേക ക്യൂ ആരംഭിച്ച ഇന്നലെ ( ഡിസംബര്‍ 19) പുലര്‍ച്ചെ മൂന്നു മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് 512 കുട്ടികളും 484 സ്ത്രീകളും 24 ഭിന്നശേഷിക്കാരും പ്രത്യേക ക്യൂ സംവിധാനം പ്രയോജപ്പെടുത്തിയതായി ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.

പുതിയ ക്യൂ സൗകര്യവും ഏർപ്പെടുത്തിയതിന് പിന്നാലെ സന്നിധാനത്തിന്റെ ചുമതലയുള്ള എ.ഡി.എം പി.വിഷ്ണുരാജ് സ്ഥലത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. വലിയ നടപ്പന്തലിലെ ഒരു വരിയാണ് കുട്ടികള്‍ക്കും മുതിർന്നവർക്കും ഭിന്നശേഷിയുള്ള വർക്കുമായി നീക്കി വച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം തീര്‍ത്ഥാടക സംഘത്തിലെ മറ്റൊരാള്‍ക്ക് കൂടി പ്രത്യേക ക്യൂവില്‍ നില്‍ക്കാന്‍ അവസരം നല്‍കും.

ഇവര്‍ക്ക് പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് ചുവട്ടിലായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടത്തില്‍ വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടെയുള്ളവര്‍ എത്തുന്നത് വരെ ഇവര്‍ക്ക് ഇരിപ്പിടങ്ങളില്‍ വിശ്രമിക്കാവുന്നതാണ്. അല്ലാത്തവര്‍ക്ക് നേരിട്ട് പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്താം. ദര്‍ശനം കഴിഞ്ഞ ഭക്തര്‍ ഫ്ളൈഓവര്‍ വഴി പുറത്തേക്ക് പോകുന്നതിനാവശ്യമായ സൗകര്യങ്ങളും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തിയതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്തകോപനും സംതൃപ്തി പ്രകടിപ്പിച്ചു. ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഫലപ്രദമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മറികടക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനം ഒരുക്കാനും വേണ്ടിയാണ് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group