Join News @ Iritty Whats App Group

വയോധികയുടെ മാല കവര്‍ന്ന എംബിഎ കാരി അറസ്റ്റില്‍


തൃശ്ശൂർ: തൃശൂരില്‍ വയോധികയുടെ മാല കവര്‍ന്ന യുവതി അറസ്റ്റില്‍. തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത്. പണയം വയ്ക്കാന്‍ ചെന്ന ധനകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. മോഷണ മുതല്‍ മുക്കുപണ്ടമാണെന്നറിയാതെ ധനകാര്യ സ്ഥാപനം പ്രതിയ്ക്ക് പണം നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. പുത്തൂര്‍ സ്വദേശിനിയായ വയോധികയ്ക്ക് ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷമായിരുന്നു മാല കവര്‍ന്നത്. തളിക്കുളം സ്വദേശിനി ലിജിതയായിരുന്നു പ്രതി. മോഷണ ശേഷം പുറത്തിറങ്ങിയ പ്രതി ഓട്ടോറിക്ഷയില്‍ കയറി നഗരത്തിലെ ധനകാര്യ സ്ഥാപനത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. 

ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിലാസവും പ്രതിയുടെ ദൃശ്യങ്ങളും കിട്ടി. എഴുപതിനായിരം രൂപയ്ക്കാണ് സ്വര്‍ണം പണയം വച്ചത്. അതിനിടെയായിരുന്നു കളവുമുതല്‍ മുക്കുപണ്ടമാണെന്ന് ധനകാര്യ സ്ഥാപനം തിരിച്ചറിഞ്ഞത്. സ്ഥിരമായി പണയം വയ്ക്കാന്‍ വരുന്നയാളായതിനാല്‍ ആദ്യം പണയമുതല്‍ പരിശോധിച്ചിരുന്നില്ല.  

പിന്നീട് നടത്തിയ പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതോടെ ലിജിതയോട് പണം തിരികെയടയ്ക്കാന്‍ ആവശ്യപ്പെട്ടു. മുപ്പതിനായിരം രൂപ അവര്‍ തിരികെയടച്ചു. ബാക്കി പണം അടയ്ക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. എംബിഎ ബിരുധ ധാരിയായ പ്രതി നഗരത്തിലെ നോണ്‍ ബാങ്കിങ് സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. ഇവര്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group