Join News @ Iritty Whats App Group

ഒരേ വാട്സ്ആപ്പ് അക്കൌണ്ട് രണ്ട് ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാം; പുതിയ ഫീച്ചര്‍ ഉടന്‍ എത്തും


 ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും. നിലവില്‍ ബീറ്റ ടെസ്റ്റ് ഫീച്ചര്‍ തെരഞ്ഞെടുത്തവര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ആന്‍ഡ്രോയിഡ് അതോറിറ്റി പറയുന്നതനുസരിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്‌ഫോണിലെ പ്രൈമറി വാട്‌സ്ആപ്പ് അക്കൗണ്ട് അവരുടെ സെക്കന്‍ഡറി ഡിവൈസുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി, സെക്കന്‍ഡറി ഡിവൈസുകളില്‍ പ്രത്യേക അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല.

ഉപയോക്താക്കള്‍ക്ക് അവരുടെ സെക്കന്‍ഡറി ഡിവൈസില്‍ കാണിച്ചിരിക്കുന്ന ക്യുആര്‍ കോഡ് അവരുടെ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാന്‍ കഴിയും. വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പോലെയാണ് ഇതും. തുടര്‍ന്ന് ലോഗിന്‍ ചെയ്ത ശേഷം ഫോണിലെ വാട്‌സ്ആപ്പിലുള്ള എല്ലാ ചാറ്റുകളും സെക്കന്‍ഡറി ഡിവൈസിലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

നമുക്ക് ലഭിച്ച വീഡിയോകളോ ഫോട്ടോകളോ മറ്റൊരു കോണ്‍ടാക്റ്റിലേക്ക് ഫോര്‍വേഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ചേര്‍ക്കാനുള്ള പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ‘ഫോര്‍വേഡ് മീഡിയ വിത്ത് ക്യാപ്ഷന്‍’ എന്നാണ് ഫീച്ചറിന്റെ പേര്.

ഉപയോക്താക്കള്‍ക്ക് സ്വയം സന്ദേശമയയ്ക്കാന്‍ സാധിക്കുന്ന ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ‘മെസേജ് യുവര്‍സെല്‍ഫ്’ എന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെയോ ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടേയോ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്. പുതിയ ഫീച്ചറിലൂടെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ്, ഫയലുകള്‍, ഇമേജുകള്‍, തുടങ്ങിയവയെല്ലാം സ്വന്തം ചാറ്റിലേക്ക് അയയ്ക്കാന്‍ കഴിയും. കുറിപ്പുകള്‍ തയ്യാറാക്കി സൂക്ഷിക്കുന്നതിനും പ്രധാനപ്പെട്ട ഫയലുകള്‍ ചാറ്റില്‍ സൂക്ഷിക്കാനുമൊക്കെ ഇതിലൂടെ സാധിക്കും.

5,000 പേര്‍ക്ക് ഒരേസമയം അറിയിപ്പുകള്‍ നല്‍കാന്‍ കഴിയുന്ന ‘വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചര്‍ കമ്പനി ഈ മാസമാദ്യം അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചര്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു കമ്മ്യൂണിറ്റിയില്‍ പരമാവധി 50 ഗ്രൂപ്പുകളെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് ലഭിക്കേണ്ട സന്ദേശം അയക്കാന്‍ ഇതേ കമ്മ്യൂണിറ്റിയില്‍ തന്നെ അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും എന്നതാണ് സവിശേഷത.

‘വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചര്‍ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തതിനു ശേഷം, വാട്‌സാപ്പിന് മുകളിലെ പച്ച നിറത്തിലുള്ള ബാറില്‍ കമ്മ്യൂണിറ്റീസ് എന്ന ഓപ്ഷന്‍ തുറക്കുക. ഇതില്‍ സ്റ്റാര്‍ട്ട് യുവര്‍ കമ്മ്യൂണിറ്റി ടാപ്പ് ചെയ്ത് കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നല്‍കാവുന്നതാണ്. തുടര്‍ന്ന്, അഡ്മിന്മാരായ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്ത് ഒരേ സ്വഭാവമുള്ള കമ്മ്യൂണിറ്റികള്‍ രൂപീകരിക്കാവുന്നതാണ്. കമ്മ്യൂണിറ്റി വീണ്ടും തുറക്കുമ്പോള്‍ പച്ച നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്പീക്കര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ കമ്മ്യൂണിറ്റിയില്‍ ചേര്‍ത്ത എല്ലാ ഗ്രൂപ്പുകളിലേക്കും ഒരുമിച്ച് സന്ദേശം അയക്കാന്‍ സാധിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group