Join News @ Iritty Whats App Group

വിഴിഞ്ഞത്ത് കേന്ദ്രസേനയെ കാത്ത് അദാനിയും സർക്കാരും; സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്



തിരുവനന്തപുരം: വിഴിഞ്ഞത് കേന്ദ്ര സേന ഇറങ്ങുന്നതിൽ ഹൈകോടതി ഉത്തരവ് കാത്ത് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷക് കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തെ ഇന്നലെ കോടതിയിൽ സർക്കാർ പിന്തുണച്ചിരുന്നു. കേന്ദ്രസേനയേ കൊണ്ട് വന്നു വിരട്ടാൻ നോക്കേണ്ട എന്നാണ് സമര സമിതി നിലപാട്. അതേസമയം വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക പൊലീസ് തയ്യാറാക്കി തുടങ്ങി. അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കമെങ്കിലും സർക്കാരിൽ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ്. ആയിരത്തോളം പേരുടെ വിലാസം അടക്കം പൊലീസ് ശേഖരിച്ച് തുടങ്ങി.

വിഴിഞ്ഞം തുറമുഖ നി‍ർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോർട്സ് നൽകിയ ഹർജിയാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളിൽ എന്ത് നടപടി സ്വീകരിച്ചെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. 5 പേരെ അറസ്റ്റുചെയ്തെന്നും ബിഷപ്പും വൈദികരും അടക്കമുളളവരെ പ്രതികളാക്കിയെന്നും സർക്കാർ മറുപടി നൽകി. അക്രമം തടയാൻ വെടിവെപ്പ് ഒഴികെ സകല നടപടിയും സ്വീകരിച്ചു. വെടിവെച്ചിരുന്നെങ്കിൽ നൂറുപേരെങ്കിലും മരിക്കുമായിരുന്നു. പൊലീസ് സംയമനത്തോടെ പ്രവർത്തിച്ചതുകൊണ്ടാണ് രംഗം ശാന്തമായതെന്നും സർക്കാർ നിലപാടെടുത്തു.

എന്നാൽ പ്രതികളായ വൈദികരടക്കമുളളവർ സമരപ്പന്തലിൽ തുടരുകയാണെന്നും സംസ്ഥാനസർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദാനി പോർട്സ് അറിയിച്ചു. പദ്ധതിമേഖലയ്ക്ക് സംരക്ഷണമൊരുക്കുന്നെന്ന പേരിൽ പ്രതികളായ സമരക്കാരെയാണ് പൊലീസ് സംരക്ഷിക്കുന്നത്. ഇത് ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുകളുടെ ലംഘനമാണ്.പദ്ധതി മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആദാനി പോർട്സ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എതിർപ്പില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറപടി. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാനം ആവശ്യപ്പെട്ടാലല്ലേ കേന്ദ്രത്തിന് നേരിട്ടടപെടാൻ കഴിയൂ എന്ന് കോടതി ചോദിച്ചു. എതിർപ്പില്ലെന്നറിയിച്ച സാഹചര്യത്തിൽ സംസ്ഥാന- കേന്ദ്ര സർക്കാരുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ജസ്റ്റീസ് അനു ശിവരാമൻ നി‍ർദേശിച്ചു. അടുത്ത ബുധനാഴ്ച ഹ‍ർജി പരിഗണിക്കുന്പോൾ കേന്ദ്ര സർക്കാ‍ർ നിലപാടറിയിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group