Join News @ Iritty Whats App Group

ഇനി ഭൂനികുതിയും പിഴയും യുപിഐ വഴി അടക്കാം; കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ജനുവരി ഒന്ന് മുതൽ പുതിയ മാറ്റം



ജനുവരി 1 മുതൽ, കേരളത്തിലെ സർക്കാർ ഓഫീസുകളിൽ പണമിടപാടുകൾക്കായി യുപിഐ, ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. ഭൂനികുതി, ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴ തുടങ്ങിയ എല്ലാ സർക്കാർ പണമിടപാടുകളും യുപിഐ വഴി നടത്താം. സർക്കാർ ഓഫീസുകളെ കൂടുതൽ ഡി‍ജിറ്റൽവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് പദ്ധതി.

സർക്കാർ ഓഫീസുകളിൽ പണം സ്വീകരിക്കുന്നത് തുടരുമെങ്കിലും ഫിസിക്കൽ രസീത് ലഭിക്കുകയില്ല. നിലവിൽ എല്ലാ പണമിടപാടുകൾക്കും രസീത് നൽകുന്നുണ്ട്. ജനുവരി 1 മുതൽ, നേരിട്ടോ ഡിജിറ്റൽ രീതിയിലോ പണമടയ്ക്കുന്നവർക്ക് എസ്എംഎസ് വഴിയാകും രസീത് ലഭിക്കുക. ഓൺലൈൻ ചലാൻ പേയ്‌മെന്റുകൾക്കുള്ള ചലാൻ നമ്പർ ഉപഭോക്താവിന്റെ ഫോണിലേക്ക് മെസേജ് ആയി ലഭിക്കും.

മൂന്ന് മാസം മ‍ുൻപ് എല്ലാ സർക്കാർ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചെങ്കിലും, പലരും അത് പിന്തുടർന്നിരുന്നില്ല. ഇതോടെയാണ് ജനുവരി 1 മുതൽ പദ്ധതി കൂടുതൽ വ്യാപിപ്പിക്കാൻ ധനകാര്യവകുപ്പ് തീരുമാനിച്ചത്. ​​​

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ സ്ഥാപനത്തിന്റെയോ ഫോണിലോ കമ്പ്യൂട്ടറിലോ ഉള്ള ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഗൂ​ഗിൾ പേ പോലെയുള്ള യുപിഐ പ്ലാറ്റ്ഫോമുകൾ വഴി പേയ്‌മെന്റുകൾ നടത്താം. കടകളിൽ നിന്ന് വ്യത്യസ്തമായി, ക്യുആർ കോഡുകൾ പൊതുവായി പ്രദർശിപ്പിക്കില്ല. വ്യത്യസ്ത സേവനങ്ങൾക്കായി വ്യത്യസ്‌ത അക്കൗണ്ടുകൾ വഴി സർക്കാരിന് പണം ലഭിക്കുന്നതിനാൽ, ഒരു ഓഫീസിന് പൊതുവായ ക്യുആർ കോഡ് ഉണ്ടാകില്ല.

സ്ഥിരം ജീവനക്കാർക്ക് മാത്രമേ അവരുടെ പാൻ (പെർമനന്റ് അക്കൗണ്ട്) നമ്പർ ഉപയോഗിച്ച് പേയ്‌മെന്റ് സിസ്റ്റത്തിൽ ലോഗിൻ ചെയ്‌ത് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ അധികാരമുള്ളൂ. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സർക്കാർ ജീവനക്കാർ സാമ്പത്തിക തട്ടിപ്പുകൾ നടത്താനുള്ള സാധ്യത കുറവാണെന്ന് ഒരു ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മേലുദ്യോഗസ്ഥർക്ക് പണമിടപാടുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group