Join News @ Iritty Whats App Group

ഉത്തര മലബാറിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ചിറകേകിയ കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ന് നാല് വയസ്


മട്ടന്നൂർ: ഉത്തര മലബാറിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ചിറകേകിയ കണ്ണൂര്‍ വിമാനത്താവളത്തിന് വെള്ളിയാഴ്ച നാലുവയസ്.

മൂര്‍ഖന്‍പറമ്ബില്‍ വിമാനത്താവളമെന്ന് പറഞ്ഞു ചിരിച്ചവര്‍ക്കുമുന്നില്‍ സംസ്ഥാനത്തെ വലിയ വിമാനത്താവളം തലയെടുപ്പോടെതന്നെ നില്‍ക്കുന്നു. നാലുവര്‍ഷം പിന്നിടുമ്ബോള്‍ രാജ്യത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ കണ്ണൂരുമുണ്ട്. ഇതുവരെ യാത്ര ചെയ്തത് 37.86 ലക്ഷം പേര്‍. 

ഉദ്ഘാടനം ചെയ്ത് പത്ത് മാസത്തിനുള്ളില്‍തന്നെ യാത്രക്കാരുടെ എണ്ണം 10 ലക്ഷമായിരുന്നു. നാലുവര്‍ഷംകൊണ്ട് ശരാശരി 40 ലക്ഷത്തിലധികം പേര്‍ വിമാനത്താവളം ഉപയോഗിക്കുമെന്ന കിയാലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് കോവിഡ് കാലമായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്തുള്ള യാത്രയില്‍ കോവിഡിന് മുമ്ബുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ 75 ശതമാനത്തോളവും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. കൂടുതല്‍ വിമാനങ്ങള്‍ക്കും പുതിയ റൂട്ടുകള്‍ക്കുമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, പുതുതായി വന്ന ആകാശ് എയര്‍ലയ്ന്‍സ്, ഗോ ഫസ്റ്റ് തുടങ്ങിയ വിമാന കമ്ബനികളുമായി ചര്‍ച്ചയിലാണ്. ഇത് സംബന്ധിച്ച്‌ നടത്തിയ സാധ്യതാപഠന റിപ്പോര്‍ട്ട് കിയാല്‍ കമ്ബനികള്‍ക്ക് കൈമാറിയിട്ടുണ്ട്. 14,15 തീയതികളില്‍ ഇതിനായി ഡല്‍ഹിയിലും ചര്‍ച്ച നടത്തുന്നുണ്ട്. 

മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ് എന്ന നിലയില്‍ വിമാനത്താവളത്തെ വികസിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാലും സര്‍ക്കാരും. അയ്യായിരത്തോളം മെട്രിക് ടണ്‍ കയറ്റുമതി ഇതിനകം സാധ്യമായി. കാര്‍ഗോ കോംപ്ലക്സ് പ്രവര്‍ത്തനം ആരംഭിച്ച ആദ്യ മാസംതന്നെ 221 ടണ്‍ പഴം പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവ കയറ്റിയയച്ചു. ഇലക്‌ട്രിക് ഡാറ്റ ഇന്റര്‍ചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കുനീക്കം നിയന്ത്രിക്കുന്നത്. 1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 12,000 ടണ്‍ ചരക്ക് ഉള്‍ക്കൊള്ളാന്‍ ശേഷിയുമുള്ള കാര്‍ഗോ കോംപ്ലക്സില്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനവുമുണ്ട്. ഏഴായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള 60,000 ടണ്‍ സംഭരണ ശേഷിയുള്ള കാര്‍ഗോ കോപ്ലക്സിന്റെ നിര്‍മാണം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group