Join News @ Iritty Whats App Group

പുതുവർഷത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും ബയോമെട്രിക് പഞ്ചിംഗ്; ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ഉത്തരവ്


തിരുവനന്തപുരം: പുതുവർഷത്തിൽ സർക്കാർ ജീവനക്കാർക്കും ബയോമെട്രിക് പഞ്ചിംഗ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. മാർച്ച് 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ്‌ ഇന്‍ എയ്ഡ്‌ സ്ഥാപനങ്ങള്‍ എന്നിവയിലും SPARK അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കും.

കഴിഞ്ഞ വർഷങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പ് കാരണം അത് നടപ്പാകാറില്ല. ഇക്കാര്യം ഇത്തവണ പുറപ്പെടുവിച്ച ഉത്തരവിലും പറയുന്നുണ്ട്.

ബയോമെട്രിക് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ആവശ്യമായ പുരോഗതി കൈവരിച്ചതായി കാണുന്നില്ലെന്നും അതിനാൽ മാര്‍ഗ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ്‌ മേധാവികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും/വകുപ്പ്‌ മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക്‌ പഞ്ചിംഗ്‌ സംവിധാനം നടപ്പാക്കി ഹാജര്‍ സ്കാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മറ്റ്‌ എല്ലാ ഓഫീസുകളിലും 2023 മാര്‍ച്ച്‌ 31ന്‌ മുമ്പായി ഈ സംവിധാനം നടപ്പിലാക്കണമെന്നും ഉത്തരവിലുണ്ട്.

വകുപ്പ്‌ സെക്രട്ടറിമാരുമായുളള ചീഫ്‌ സെക്രട്ടറിയുടെ പ്രതിമാസ യോഗത്തില്‍ പഞ്ചിംഗ്‌ നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വകുപ്പിലെയും ഒരു അഡീഷണല്‍ സെക്രട്ടറിയെയോ ജോയിന്റ്‌ സെക്രട്ടറിയെയോ അതാത്‌ വകപ്പിന്‌ കീഴിലുള്ള ഓഫീസുകളില്‍ പഞ്ചിംഗ്‌ നടപ്പാക്കുന്നതിന്‌ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കാനും ചുമതലപ്പെടുത്തണം. ഈ ഓഫീസറുടെ വിശദാംശങ്ങള്‍ പൊതുഭരണ വകുപ്പിന്‌ ലഭ്യമാക്കണമെന്നും ഉത്തരവിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group