Join News @ Iritty Whats App Group

ഇലന്തൂർ ഇരട്ട നരബലി: കൊല്ലപ്പെട്ട റോസ്‌ലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി


കോട്ടയം: വിവാദമായ ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്ളിന്റെ മക്കളായ മഞ്ജുവും , സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസ്ളിൻ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡി എൻ എ പരിശോധനയ്ക്കായി മൃതദേഹം രണ്ടു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പദ്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് നവംബർ 20 ന് കൈമാറിയിരുന്നു. പദ്മയുടെ ഡിഎന്‍എ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്. പദ്മയുടെ മകന്‍ ശെല്‍വരാജും സഹോദരിയും ചേര്‍ന്ന് മൃതദേഹം തമിഴ്നാട്ടിലെ ധര്‍മപുരിയിലേക്ക് കൊണ്ടുപോവുകയും ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു. 

നരബലി നടത്തിയശേഷം റോസ്‌ലിന്‍റെയും പദ്മയുടെയും ശരീരഭാഗങ്ങൾ അറവുശാലയിലേതുപോലെ അറുത്തുമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. നരബലി നടത്തിയാൽ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്നാണ് ഷാഫി പറഞ്ഞു വിശ്വസിപ്പിച്ചത്. മനുഷ്യമാസം കഴിക്കുന്നവരുണ്ട്. ഇതുവെച്ച് പൂജ നടത്തുന്ന സിദ്ധന്മാരുമുണ്ട്. മനുഷ്യക്കുരുതി നടത്തിയശേഷം ഈ മാസം അറുത്തുവിറ്റാൽ ഇരുപത് ലക്ഷം രൂപവരെ കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്. 
ബെംഗലൂരുവിൽ ഇതിന് പ്രത്യേകം ആളുകളുണ്ട്. നരബലിക്ക് തൊട്ടടടുത്ത ദിവസം ഇവർ വന്ന് മാംസം വാങ്ങിക്കൊണ്ടുപോകുമെന്നും പറഞ്ഞു. റോസ്‌ലിനെ കൊലപ്പെടുത്തിയശേഷം മാംസം മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഹൃദയവും കരളും വൃക്കയും സിപ് ബാഗിലാക്കിയാണ് വെച്ചത്. ഇതിന് കൂടുതൽ പൈസ കിട്ടുമെന്നായിരുന്നു പറഞ്ഞത്. ഇടപാടുകാർ തൊട്ടടുത്ത ദിവസം രാവിലെ വരുമെന്നും പറഞ്ഞു. എന്നാൽ ആരും വന്നില്ല. 

റോസ്‌ലിനെ കൊന്ന രീതിയും സമയവും ശരിയായില്ലെന്നും അതുകൊണ്ടുതന്നെ ഈ മാംസം ആവശ്യമുളള സിദ്ധൻ വേണ്ടെന്നു പറഞ്ഞെന്നുമാണ് ഷാഫി ഇവരെ പറഞ്ഞു വിശ്വപ്പിച്ചത്. തൊട്ടുപിന്നാലെ ശരീരഭാഗങ്ങൾ മറവുചെയ്തു. ആദ്യ നരബലിയ്ക്കുശേഷവും സാമ്പത്തികാഭിവൃദ്ധി ഉണ്ടായില്ലെന്നും താൻ കടം വാങ്ങിയ ആറ് ലക്ഷത്തോളം രൂപ തിരികെ വേണമെന്ന് ഭഗവത് സിംഗ് ശല്യപ്പെടുത്തിത്തുടങ്ങിയതോടെയാണ് രണ്ടാമത്തെ കൊലപാതകത്തിനായി പദ്മയെ കണ്ടെത്തിയതെന്നുമാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. മനുഷ്യമാസം വിറ്റ് വലിയ പൈസയുണ്ടാക്കാമെന്നും ഇത്തവണയും പറഞ്ഞുവിശ്വസിപ്പിച്ചു. എന്നാൽ രണ്ടാമത്തെ കൊലപാതകത്തിൽ തനിക്ക് പിഴച്ചുപോയി. ഭാഗവത് സിംഗിനേയും ലൈലയേയും കൂടി കൊലപാതകത്തിൽ പങ്കാളികളാക്കിയാൽ കടം വാങ്ങിയ ആറു ലക്ഷം കൊടുക്കേണ്ടെന്നു മാത്രമല്ല ബ്ലാക് മെയിൽ ചെയ്ത കൂടുതൽ പണം തട്ടിയെടുക്കാമെന്ന് കണക്കുകൂട്ടിയെന്നുമാണ് ഷാഫി ആവർത്തിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group