
പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാര്‍ത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയുടെ 2023ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പിപിസി 2023ന്റെ (പരീക്ഷ പേ ചര്‍ച്ച) രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.നവംബര്‍ 25 മുതലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ 30 വരെ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം.2018 മുതലാണ് പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.
‘ഭയത്തെ മറികടക്കാനുള്ള മന്ത്രം അറിഞ്ഞ് ഓരോ പരീക്ഷയെയും ആഘോഷമാക്കി മാറ്റണോ? പിപിസി 2023ല്‍ പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് സംസാരിക്കാനും അവസരം,’ എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്.പരിപാടിയെപ്പറ്റിയുള്ള വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്കും ലഭ്യമാക്കുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്കും ട്വീറ്റിനോടൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.
ഈ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ചയില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളിൽ ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിദ്യാര്‍ത്ഥികളെ കൂടാതെ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മത്സരത്തില്‍ വിജയിക്കുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് ആറാമത് പിപിസി ചര്‍ച്ചകളില്‍ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാനും അവസരം ലഭിക്കും.
അതേസമയം വിദ്യാര്‍ത്ഥികളെ എങ്ങനെ പിന്തുണയ്ക്കണം എന്ന വിഷയത്തില്‍ മാതാപിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രി തുറന്ന ചര്‍ച്ച നടത്തും.
ചര്‍ച്ചകളിലൂടെയും മത്സരങ്ങളിലൂടെയും പരീക്ഷയെ പേടിച്ചിരുന്നവര്‍ എന്നതില്‍ നിന്ന് പരീക്ഷാ പോരാളികള്‍ എന്ന നിലയിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. മുമ്പ് നടന്ന പിപിസി ചര്‍ച്ചകളിലും ഇക്കാര്യം പറഞ്ഞിരുന്നു. എക്‌സാം വാരിയേഴ്‌സ് (പരീക്ഷ പോരാളികള്‍) എന്ന പേരില്‍ ഒരു പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പുറത്തിറക്കിയിരുന്നു.
2022 ഏപ്രില്‍ ഒന്നിനാണ് പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചര്‍ച്ച’യുടെ അഞ്ചാം പതിപ്പ് നടത്തിയത്. ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ വച്ചാണ് പരിപാടി അരങ്ങേറിയത്. കുട്ടികള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്താനും കഴിവുകൾ തിരിച്ചറിയാനും രക്ഷിതാക്കള്‍ അവരെ സഹായിക്കണമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്.
കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ കഴിവുകൾ തിരിച്ചറിയാനും അവരെ സഹായിക്കാനും മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.കുട്ടികള്‍ക്ക് സ്വന്തം ശക്തി തിരിച്ചറിയുന്നതിന് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ശരിയായ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ.
Post a Comment