Join News @ Iritty Whats App Group

ഭാര്യയുടെ പേരിൽ 1.90 കോടിയുടെ ഇൻഷുറൻസെടുത്തു; വാഹനമിടിച്ച് കൊലപ്പെടുത്തി, അപകടമെന്ന് വരുത്താൻ ശ്രമം; അറസ്റ്റ്


ജയ്പൂർ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തി ഭർത്താവ്. 1.90 കോടി രൂപയുടെ ഇൻഷുറൻസ് തുകക്ക് വേണ്ടിയാണ് ഭർത്താവ് ഭാര്യയെ കൊന്നത്. രാജസ്ഥാനിലാണ് സംഭവം. ബൈക്കിൽ പോകുന്ന സമയത്ത് എസ് യുവി ഇടിപ്പിച്ചാണ് കൊലപാതകം. പിന്നീടത് വാഹനാപകടമാക്കി തീർക്കാൻ ശ്രമിച്ചു. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവം പുറത്തുവരികയായിരുന്നു. ഒക്ടോബർ 5നായിരുന്നു സംഭവം. ഭർത്താവായ മഹേഷ് ചന്ദിന്റെ നിർദ്ദേശ പ്രകാരം ഷാലുവും ബന്ധുവായ രാജുവും ഒന്നിച്ച് ക്ഷേത്രത്തിൽ പോകുന്ന സമയത്താണ് എസ്‍യുവി ഇവരെ ഇടിച്ചത്. ഷാലു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബന്ധുവായ രാജു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 

അപകട മരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ പിന്നീട് മഹേഷ് ചന്ദ് ഭാര്യ ഷാലുവിനെ കൊലപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു. ഇയാൾ ക്രിമിനല്‍ പശ്ചാത്തലമുള്ള മുകേഷ് സിംങ് എന്ന ആളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. 10 ലക്ഷം രൂപയാണ് പ്രതിഫലമായി മുകേഷ് ആവശ്യപ്പെട്ടത്. മുന്‍കൂറായി 5.5 ലക്ഷം രൂപ നല്‍കി. മറ്റ് കൂട്ടുപ്രതികളും ഇവർക്കൊപ്പമുണ്ടായിരുന്നു 

മഹേഷ് ചന്ദ് തന്നെയാണ് ഷാലുവിന്റെ പേരില്‍, 40 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പ്ലാനിൽ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. തന്റെ ആ​​ഗ്രഹപൂർത്തീകരണത്തിനായി ഹനുമാൻ ക്ഷേത്രത്തിൽ 11 ദിവസം ദർശനം നടത്തണമെന്ന് മഹേഷ് ചന്ദ് ഷാലുവിനോട് പറഞ്ഞു. ഇക്കാര്യ മറ്റാരും അറിയരുതെന്നും ഇയാൾ പറഞ്ഞിരുന്നു. തുടർന്ന് ബന്ധുവിനൊപ്പം ക്ഷേത്രത്തിൽ പോകുന്ന സമയത്തായിരുന്നു അപകടം. ഇവരെ പിന്തുടർന്ന് എസ് യു വി ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മഹേഷ് ചന്ദും ഇവരെ പിന്തുടർന്നിരുന്നു. സംഭവത്തിൽ മഹേഷിന് പുറമെ രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

2015ലായിരുന്നു ഷാലുവും മഹേഷ് ചന്ദും തമ്മിലുള്ള വിവാഹം. ഇവർക്കൊരു മകളുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ഇവർ തമ്മിൽ പ്രശ്നമായി. ഷാലു മാതാപിതാക്കളുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. 2019 ൽ മഹേഷിനെതിരെ ഷാലു ​ഗാർഹിക പീഡന പരാതി നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group