Join News @ Iritty Whats App Group

ഫേസ്ബുക്ക് ഫ്രണ്ട് ചതിച്ചു; യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ


സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന വാര്‍ത്തകള്‍ തുടര്‍ക്കഥയാണ്. എന്നാല്‍, വ്യാപകമായ രീതിയില്‍ ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം ആളുകള്‍ക്കിടയില്‍ നടക്കുമ്പോഴും ഇത്തരം ചതിക്കുഴികളില്‍ വീഴുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പഞ്ചാബിലെ അമൃത്‌സറില്‍ നിന്നുമാണ് കേട്ടാല്‍ ആരും അമ്പരന്നു പോകുന്ന വിധത്തിലുള്ള ഒരു തട്ടിപ്പ് വാര്‍ത്ത ഇപ്പോള്‍ പുറത്തുവരുന്നത്. ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് യുവാവ് അമൃതസര്‍ സ്വദേശിയായ യുവതിയില്‍ നിന്നും തട്ടിയെടുത്തത് പത്തുലക്ഷം രൂപയാണ്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇയാള്‍ ആരാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മന്‍പ്രീത് കൗര്‍ എന്ന യുവതിയാണ് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചങ്ങാത്തം സ്ഥാപിച്ച് എത്തിയ വ്യക്തിയുടെ ചതിയില്‍ പെട്ടത്. മാസങ്ങള്‍ക്കു മുന്‍പാണ് മന്‍പ്രീതിന് യുകെ പൗരന്‍ എന്ന സ്വയം പരിചയപ്പെടുത്തിയ വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് വരുന്നത്. ആദ്യമൊന്നും യുവതി റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും പിന്നീട് ഇയാള്‍ യുവതിയുമായി സ്ഥിരമായി ചാറ്റ് ചെയ്യുകയും അതിലൂടെ യുവതിയെ തന്റെ വലയില്‍ വീഴ്ത്തുകയും ചെയ്തു. യുകെ പൗരനാണ് താന്‍ എന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നത്. 

ഉടന്‍തന്നെ നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോള്‍ നേരില്‍ കാണാമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ താന്‍ നാട്ടിലേക്ക് വരുന്നതിനു മുന്‍പായി ഒരു വിലപിടിപ്പുള്ള സമ്മാനം മന്‍പ്രീതിനായി നാട്ടിലേക്ക് അയച്ചിട്ടുണ്ട് ഒന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. കസ്റ്റംസുകാരുടെ കയ്യില്‍ നിന്നും അത് നേരിട്ട് വാങ്ങണം എന്നും ആദ്യം ഇയാള്‍ പറഞ്ഞിരുന്നത്. 

എന്നാല്‍, തൊട്ടടുത്ത ദിവസം, ആ സമ്മാനം കൈപ്പറ്റാന്‍ പത്തുലക്ഷം രൂപ കസ്റ്റംസിന് അടക്കണമെന്ന് ഇയാള്‍ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താന്‍ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും അതുകൊണ്ട് 10 ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്നുമായിരുന്നു ഇയാളുടെ വാദം. മാത്രമല്ല താന്‍ യുകെയില്‍ ആയതിനാല്‍ തനിക്ക് പണം അടയ്ക്കാന്‍ സാധിക്കില്ല എന്നും യുവതിയോട് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. ഒടുവില്‍ യുവതി സാധനം കൈപ്പറ്റുമ്പോള്‍ പണം അടയ്ക്കാമെന്ന് സമ്മതിച്ചു. 

എന്നാല്‍, തൊട്ടടുത്ത ദിവസം ഇയാള്‍ യുവതിയോട് പണം മുന്‍കൂറായി അടച്ചാല്‍ മാത്രമേ കസ്റ്റംസ് സാധനം വിട്ടുതരികയുള്ളൂ എന്നും അത് ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി അടച്ചു കൊടുക്കണം എന്നും ആവശ്യപ്പെട്ടു. ഇതിനാല്‍ ഇതിനായി അയാള്‍ യുവതിക്ക് ഒരു ലിങ്കും നല്‍കി. ഇത് വിശ്വസിച്ച യുവതി പണം അയാള്‍ നിര്‍ദ്ദേശിച്ചത് പോലെ ആ ലിങ്ക് വഴി അടച്ചു . എന്നാല്‍ അതിനുശേഷം അയാളുടെ ഒരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്. ഇതേ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതിയുമായി എത്തിയിരിക്കുന്നത് ,

Post a Comment

Previous Post Next Post
Join Our Whats App Group