Join News @ Iritty Whats App Group

നിയമനം UGC ചട്ടപ്രകാരമല്ല; കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാന്‍സലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. എറണാകുളം സ്വദേശിയായ ഡോ. കെ കെ വിജയൻ, ഡോ. സദാശിവൻ എന്നിവര്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കുഫോസ് വൈസ് ചാൻസിലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്നായിരുന്നു വാദം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ് വി.സിയുടെ നിയമനം അസാധുവാക്കിയത്‌.

യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ.കെ.കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം.

യുജിസി നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല വൈസ് ചാന്‍സലറായി റിജി ജോണിനെ തിരഞ്ഞെടുത്തത്, സെലക്ഷന്‍ കമ്മിറ്റി പാനലുകള്‍ ചാന്‍സലര്‍ക്ക് നല്‍കിയില്ല. ഒറ്റ പേരാണ് നൽ‌കിയെന്നുമാണ് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍.

Post a Comment

Previous Post Next Post
Join Our Whats App Group