Join News @ Iritty Whats App Group

അമിത വ്യക്തി സ്വാതന്ത്ര്യവാദം അപകടകരം; ലിംഗ സമത്വം അപ്രായോഗികം; മത പണ്ഡിതരുമായി സര്‍ക്കാര്‍ അടിയന്ത ചര്‍ച്ച നടത്തണമെന്ന് മുസ്ലീം സംഘടനകള്‍



അമിത വ്യക്തി സ്വാതന്ത്ര്യവാദം പോലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് പകരുന്നത് ആശാസ്യമല്ലെന്ന് മുസ്ലീം സംഘടനകള്‍. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് സാമൂഹിക മാന്യത നല്‍കാന്‍ പൊതുവിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യരുത്. പുരുഷന് പുരുഷനായും സ്ത്രീക്ക് സ്ത്രീയായും ഭയങ്ങളില്ലാതെ ജീവിക്കാന്‍ സാഹചര്യമൊരുക്കുകയാണ് വേണ്ടത്.

പരസ്പരം മാനിക്കാനും അംഗീകരിക്കാനും വിദ്യാര്‍ഥി മനസ്സുകളെ പാകപ്പെത്തുന്നതിന് പകരം ഏത് തരം ബന്ധവും അനുവദനീയമാണ് എന്ന തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലുള്ള ചട്ടക്കൂടിലെ പരാമര്‍ശങ്ങളും അനുബന്ധ ചര്‍ച്ചകളും സമൂഹത്തെ തെറ്റായ വഴിയില്‍ സഞ്ചരിക്കാന്‍ ഇടവരുത്തുമെന്നും കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍, സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃസംഗമം (സെന്‍ട്രല്‍ ക്യാബിനറ്റ് ) അഭിപ്രായപ്പെട്ടു.

മൂല്യങ്ങള്‍ നശിച്ച ഒരു തലമുറയെയാണ് മുതലാളിത്ത ശക്തികള്‍ കാംക്ഷിക്കുന്നത്. അതിന് തടയിടുന്നതാവണം വിദ്യാഭ്യാസം. കുട്ടികളുടെ മനസ്സില്‍ മൂല്യവിചാരം ഉണര്‍ത്തുന്നതിന് പകരം, അവരെ അനിയന്ത്രിതമായ അനാവശ്യ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് പ്രചോദിപ്പിക്കുന്നത് കുടുംബ ഭദ്രതയെപ്പോലും ബാധിക്കും. വ്യക്തികളും സമൂഹങ്ങളും തമ്മില്‍ ഉണ്ടാകേണ്ട പാരസ്പര്യം ഇല്ലാതാക്കുന്ന അമിത വ്യക്തി സ്വാതന്ത്ര്യവാദം അപകടകരമാണ്.

യുക്തി ചിന്തയുടെ പേരില്‍ ലിബറല്‍ ചിന്തകള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള അജന്‍ഡ, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആലോചനാ കുറിപ്പുകളില്‍ പതിയിരിക്കുന്നുണ്ട് എന്ന ആശങ്ക വ്യാപകമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടര്‍ച്ചയായുള്ള ആലോചനയാണ് അവതരിപ്പിക്കുന്നതെങ്കിലും ബാഹ്യതാത്പര്യങ്ങള്‍ ചട്ടക്കൂടില്‍ കടന്നുവന്നിട്ടുണ്ട്. ആശങ്കകള്‍ അകറ്റാന്‍ പണ്ഡിത നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group