Join News @ Iritty Whats App Group

കുട്ടിക്കറക്കത്തിന് തടയിട്ട് പൊലീസ്;'വാച്ച്‌ ദി സ്റ്റുഡന്റ്' പരിശോധനയില്‍ പിടിയിലായത് മുപ്പതിലേറെ വിദ്യാര്‍ഥികള്‍



കണ്ണൂർ:  ക്ലാസ് കട്ടാക്കിയും വീട്ടിലെത്താതെ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞും നടക്കുന്ന വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നടത്താന്‍ സിറ്റി പൊലീസ് തുടങ്ങിയ 'വാച്ച്‌ ദി സ്റ്റുഡന്റ്' പരിശോധനയില്‍ പിടിയിലായത് മുപ്പതിലേറെ വിദ്യാര്‍ഥികള്‍

ചാല സ്കൂളില്‍ നടക്കുന്ന ഉപജില്ല കലോത്സവത്തിനെത്തി മുങ്ങിയ അഞ്ചു വിദ്യാര്‍ഥികളെ തിങ്കളാഴ്ച നഗരത്തിലെ മാളില്‍നിന്ന് പൊലീസ് പിടികൂടി. യൂനിഫോം ധരിക്കാതെയെത്തിയ ഇവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കുട്ടികളെ മാനസിക പിരിമുറുക്കം നല്‍കാതെ ഉപദേശിച്ച്‌ തിരിച്ചയച്ചു. 

നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ 'വാച്ച്‌ ദി ചില്‍ഡ്രന്‍' എന്ന പേരില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി വാട്സ്‌ആപ് ഗ്രൂപ് രൂപവത്കരിച്ചാണ് പ്രവര്‍ത്തനം. കോര്‍പറേഷന്‍ പരിധിയിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍, വനിത പൊലീസ് ഉദ്യോഗസ്ഥര്‍, പിങ്ക് പൊലീസ് എന്നിവരാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. സംശയകരമായ സാഹചര്യത്തില്‍ സ്കൂളിലെത്താത്ത വിദ്യാര്‍ഥികളെക്കുറിച്ച്‌ വാട്സ്‌ആപ് ഗ്രൂപ്പില്‍ വിവരം നല്‍കാം. 

ഇത്തരത്തില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, രക്ഷിതാക്കള്‍ രണ്ടുപേരും ജോലിക്കുപോയശേഷം സ്കൂളിലെത്താതെ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ വീട്ടിലെത്തി പൊലീസ് കാര്യങ്ങള്‍പറഞ്ഞ് മനസ്സിലാക്കി. 

തലവേദനയാണെന്ന് പറഞ്ഞാണ് കുട്ടി ക്ലാസില്‍ പോകാതിരുന്നത്. രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ സ്കൂളിലേക്ക് പോയതായി വിവരം ലഭിച്ചതോടെയാണ് പൊലീസ് വീട്ടിലെത്തിയത്. വനിത സെല്‍ ഇന്‍സ്പെക്ടര്‍ ടി.പി. സുധയുടെ നേതൃത്വത്തില്‍ വനിത പൊലീസുകാരുടെ പ്രത്യേക സ്ക്വാഡ് ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ കോട്ട, മാളുകള്‍, പയ്യാമ്ബലം ബീച്ച്‌, പാര്‍ക്കുകള്‍, സിനിമ തിയറ്ററുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് സ്കൂളില്‍നിന്ന് മുങ്ങുന്ന വിരുതന്മാര്‍ കറങ്ങിനടക്കുന്നത്. 

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം വിദ്യാര്‍ഥികളുടെ കണ്ടുമുട്ടല്‍ വേദികളായി കോട്ടയും മാളും ബീച്ചുകളുമാണ് തിരഞ്ഞെടുക്കുന്നത്. പൊലീസ് നടപടി ശക്തമാക്കിയതോടെ തിങ്കളാഴ്ച ക്ലാസ് കട്ട് ചെയ്തവരാരും കോട്ടയിലെത്തിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നവംബര്‍ ഒമ്ബതുമുതലാണ് വാച്ച്‌ ദി സ്റ്റുഡന്റ് പരിശോധന തുടങ്ങിയത്. ദിവസേന ഏഴുപേരെയെങ്കിലും പിടികൂടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്കൂളില്‍ പോകാതെ നഗരത്തിലെ മാളുകളിലും ബീച്ചുകളിലും വേഷംമാറി കറങ്ങിനടക്കുന്നവരെ ലഹരിമാഫിയ ഉന്നംവെക്കുന്നതായി പൊലീസിന് വിവരമുണ്ട്. 

നഗരത്തിലെ വിദ്യാര്‍ഥികള്‍ എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കിയത്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടെത്തുന്ന വിദ്യാര്‍ഥികളെക്കുറിച്ച്‌ പൊലീസില്‍ വിവരം നല്‍കാം. ഫോണ്‍: 9497987216.

Post a Comment

Previous Post Next Post
Join Our Whats App Group