Join News @ Iritty Whats App Group

സാമ്പത്തിക സംവരണം സുപ്രീം കോടതി അംഗീകരിച്ചു



ഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ഭരണഘടന ഭേദഗതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിച്ചു.

തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% സാമ്പത്തിക സംവരണത്തിനായി കൊണ്ടുവന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ ഉത്തരവ്

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.

കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നോക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്ത് ശതമാനം സംവരണം. അതിനാൽ അമ്പത് ശതാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.

നിലവിൽ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. ഇതിനോട് യോജിച്ച ജസ്റ്റിസ് ബേല എം ത്രിവേദി ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം പാടുള്ളു എന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ചു. സാമ്പത്തിക പിന്നാക്ക അവസ്ഥയും മാനദണ്ഡമാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു. ജസ്റ്റിസ് ജെബി പർദിവാലയും ഭൂരിപക്ഷ വിധിയോട് യോജിച്ചു.

സാമ്പത്തിക സംവരണത്തോട് വിജോജിപ്പില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധി പ്രസ്താവത്തിൽ പറഞ്ഞു. എന്നാൽ എസ്‍സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതിൻ്റെ ആനൂകൂല്യം നല്‍കാത്തത് മൗലിക അവകാശ ലംഘനമാണ്. സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ അവരെയും കൊണ്ടുവരണം അതിനാൽ ഭരണഘടന ഭേഗദതിയിലെ രണ്ട് വകുപ്പുകൾ റദ്ദാക്കുന്നു എന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനോട് യോജിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് യുയു ലളിതും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group