Join News @ Iritty Whats App Group

അബദ്ധത്തിൽ ബൈക്ക് മാറിയെടുത്ത യുവാവ് മോഷണക്കേസിൽ പ്രതിയാകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


പത്തനംതിട്ട : രൂപസാദൃശ്യം കാരണം അബദ്ധത്തിൽ ബൈക്ക് മാറിയെടുത്ത് വീട്ടിൽ കൊണ്ടുപോയ യുവാവ് പിന്നീട് അബദ്ധം മനസ്സിലാക്കി മാറിയെടുത്ത ബൈക്ക് പൊലീസിനു മുന്നിൽ ഹാജരാക്കി. സ്വന്തം ബൈക്കും പൊലീസിന് മുന്നില്‍ യുവാവ് ഹാജരാക്കി. കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിൽ മല്ലപ്പള്ളി ആനിക്കാട് റോഡിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം.

കീഴ് വായ്പ്പൂര് എസ് എച്ച് ഒ വിപിൻ ഗോപിനാഥിന്റെയും എസ് ഐ സുരേന്ദ്രന്റെയും നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മനപൂർവ്വം ഇയാൾ ബൈക്ക് മോഷ്ടിച്ചതല്ലെന്ന് വ്യക്തമായി. ആനിക്കാട് കാരമുള്ളാനിക്കൽ അഭിലാഷിന്റെ ബൈക്ക് ആണ് ആനിക്കാട് സ്വദേശിയായ രതീഷ് മാറി എടുത്ത് കൊണ്ടുപോയത്.

ഉച്ചയ്ക്ക് 12 മണിയോടെ അഭിലാഷ് ബൈക്ക് ആനിക്കാട് റോഡിൽ പാർക്ക് ചെയ്യ്ത ശേഷം ജോലി ആവശ്യവുമായി ബന്ധപ്പെട്ട് റാന്നിക്ക് പോയി. വൈകിട്ട് നാല് മണിയോടെ അഭിലാഷ് തിരികെ വന്ന് വീട്ടിൽ പോകാൻ നോക്കിയപ്പോൾ വാഹനം കാണാനില്ല. പരിസരങ്ങളിലൊക്കെ തിരഞ്ഞുവെങ്കിലും കണ്ടെത്താനാവാതെ, പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. ഇയാളുടെ മൊഴിപ്രകാരം പോലീസ് മോഷണത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. ആ സ്ഥലത്തേയും പരിസരങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ മുഴുവൻ പോലീസ് പരിശോധിച്ചു. ബൈക്ക് ഒരാൾ എടുത്തുകൊണ്ടുപോകുന്ന ദൃശ്യം കണ്ടതോടെ അന്വേഷണം ഊർജ്ജിതമാക്കി.

ആനിക്കാട് ഭാഗത്തേക്ക് ഓടിച്ചുപോയ ബൈക്ക് യാത്രികനെ ചുറ്റിപ്പറ്റി പോലിസ് സംഘം നീങ്ങി. സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി രാത്രികാല പട്രോളിങ് സംഘവും അന്വേഷണം തുടർന്നു. ഇതിനിടെ, ഉണ്ടായ പുകിലുകളൊന്നും അറിയാതെ വെള്ളിയാഴ്ച്ച രാവിലെ ' മോഷണം പോയ ' മോട്ടോർ സൈക്കിളുമായി ആശങ്ക മുറ്റിയ മുഖത്തോടെ രതീഷ് സ്റ്റേഷനിലെത്തി അമളിയെപ്പറ്റി വിവരിച്ചപ്പോൾ പോലീസുദ്യോഗസ്ഥരിൽ സമ്മിശ്ര വികാരമാണ് ഉണ്ടായത്. മോഷണത്തിന് രജിസ്റ്റർ ചെയ്ത കേസിൽ പെട്ട വാഹനം അതിവേഗം തിരിച്ചുകിട്ടിയതിൽ ആശ്വാസവും.

ബൈക്ക് കണ്ടെത്താൻ ഒരു രാത്രി മുഴുവൻ പെടാപ്പാട് പെട്ടതിന്റെ നീരസം അവർ മാറ്റിവച്ചു. ഇരുവാഹനങ്ങളുടെയും രൂപസാദൃശ്യംകാരണം പറ്റിപ്പോയ അമളി ഏറ്റുപറഞ്ഞുകൊണ്ടുള്ള യുവാവിന്റെ നിസ്സഹായത, സംഭവത്തിന്റെ നിജസ്ഥിതിയുടെ വിവരണത്തിലൂടെ മനസ്സിലാക്കിയ കീഴ്വായ്പ്പൂർ പോലീസ്, യുവാവിന്റെ മൊഴി എടുത്തശേഷം വിട്ടയച്ചു. സ്വന്തം വാഹനം ഏൽപ്പിക്കുമ്പോൾ, ഇനി മേലിൽ ഇങ്ങനെ അബദ്ധം പറ്റരുതെന്ന് ഉപദേശിക്കാനും മറന്നില്ല.

നിരപരാധിയായ ഒരാൾ മോഷ്ടാവ് ആയി മാനഹാനി സഹിച്ച് ജയിലിൽ കഴിയേണ്ട സാഹചര്യം പോലീസിന്റെ സാന്ദർഭികമായ നടപടിയിലൂടെ ഒഴിവായി. സിനീയർ സിവിൽ പോലീസ് ഓഫീസർ അരുൺ ഗോപി , സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സഹിൽ, വിജിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group