അമ്പലപ്പുഴ: കാതു പറിച്ചു കമ്മൽ കവർന്നത് ആരെന്നറിയാതെ ഗൗരിയമ്മ യാത്രയായി. അമ്പലപ്പുഴ കോമന കണ്ടൻചേരിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഗൗരി (85) യാണ് തന്റെ കമ്മൽ കവർന്നത് ആരെന്നറിയാതെ ഈ ലോകത്തോട് യാത്ര പറഞ്ഞത്.
പട്ടാപ്പകൽ ഇവരുടെ കാതു പറിച്ച് കമ്മൽ കവർന്നത് ഏതാനും മാസം മുന്പാണ്. ഉച്ചയ്ക്ക് ശേഷം ഇവർ വീട്ടിൽ കിടന്നുറങ്ങിയപ്പോഴാണ് മോഷ്ടാവ് ഇവരുടെ കാത് പറിച്ചെടുത്ത് കമ്മൽ കവർന്നത്.
ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചു. ദിവസങ്ങൾക്കു ശേഷമാണ് ഗൗരി ആശുപത്രി വിട്ടത്.
മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചില്ല.
മോഷണം നടന്ന് മാസങ്ങൾ പിന്നിട്ടും ഈ കേസിലെ പ്രതി ഇന്നും കാണാമറയത്താണ്. തന്നെ ആക്രമിച്ച് കമ്മൽ കവർന്ന മോഷ്ടാവിനെ പിടികൂടുന്നത് കാണണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ഗൗരിയമ്മ യാത്രയായത്.
Post a Comment