Join News @ Iritty Whats App Group

ജപിച്ച വെള്ളവും മന്ത്രവാദം കൊണ്ടും രോഗശമനം വാഗ്ദാനം ചെയ്യുന്നവരെ ശിക്ഷിക്കണം; മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: ജപിച്ച വെള്ളം നൽകിയും മന്ത്രവാദം ചെയ്തും രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരക്കാർക്കെതിരെ വ്യാപകമായ ബോധവൽക്കരണം നടത്തണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
കണ്ണൂർ നാലുവയൽ സ്വദേശിനി എം എ ഫാത്തിമ എന്ന കുട്ടിക്ക് പനിക്ക് ചികിത്സ നൽകാതെ മന്ത്രവാദം നടത്തി രോഗം മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിലാണ് ഉത്തരവ്. കേസിൽ കണ്ണൂർ ജില്ലാപോലീസ് മേധാവി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. 2021 ഒക്ടോബർ 31ന് പുലർച്ചെ കണ്ണൂർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടിയെ എത്തിക്കമ്പോൾ മരിച്ചിരുന്നു. കുട്ടിക്ക് ഗുരുതരമായ പനിയും ശ്വാസകോശത്തിൽ അണുബാധയുമുണ്ടായിരുന്നു.

എന്നാൽ കുട്ടിയുടെ പിതാവ് മതിയായ വൈദ്യസഹായം നൽകിയില്ല എന്നായിരുന്നു കേസ്. കുട്ടിയുടെ സഹോദരന് മതപഠനം നടത്താൻ വീട്ടിലെത്തിയിരുന്ന മുഹമ്മദ് ഉവൈസ് എന്നയാൾ ജപിച്ച വെള്ളം കുട്ടിക്ക് മരുന്നായി നൽകിയെന്നാണ് ആക്ഷേപം.

കുട്ടിയുടെ ഉപ്പ അബ്ദുൾ സത്താർ, അബ്ദുൾ അസീസ്, മുഹമ്മദ് ഉവൈസ് എന്നിവർക്ക് എതിരെ കേസെടുത്ത് കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ തുടരന്വേഷണം നടത്തിവരുന്നുണ്ട്. കേസിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പോലീസ് നീയമാനുസൃതം നടപടി സ്വീകരിച്ചതിനാൽ കമ്മീഷൻ തുടർനടപടികൾ നിർത്തി വച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ടി. പി. മുജീബ് റഹ്മാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Post a Comment

Previous Post Next Post
Join Our Whats App Group