Join News @ Iritty Whats App Group

അവന്‍ എന്നെ കൊല്ലും, എന്നെ തല്ലുന്ന കാര്യം അവന്‍റെ വീട്ടുകാര്‍ക്ക് അറിയാം: ശ്രദ്ധയുടെ പരാതി പുറത്ത്


മുംബൈ: പങ്കാളിയായ അഫ്താബ് പൂനാവാല തന്നെ കൊല്ലാൻ ശ്രമിച്ചെന്നും, വെട്ടി കഷണങ്ങളാക്കുമെന്ന് ഭയക്കുന്നതായും കാൾ സെന്റർ ജീവനക്കാരിയായ ശ്രദ്ധ വാക്കർ രണ്ട് വർഷം മുമ്പ് മഹാരാഷ്ട്ര പോലീസിൽ പരാതി നൽകിയിരുന്നു എന്ന് റിപ്പോര്‍ട്ട്. മുംബൈയിൽ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇത് വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. കേസില്‍ ശ്രദ്ധയുടെ പങ്കാളി അഫ്താബ് പൂനാവാലയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. 

അഫ്താബ് തന്നെ കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി ശ്രദ്ധ പറയുന്ന പരാതി കത്ത് 2020 നവംബർ 23 ന് എഴുതിയതാണ്. അഫ്താബ് തന്നെ മർദിക്കാറുണ്ടെന്ന കാര്യം അഫ്താബിന്‍റെ മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്നും ശ്രദ്ധ കത്തില്‍ പറയുന്നു. 28 കാരനായ അഫ്താബ് പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും അവളുടെ ശരീരം 35 കഷണങ്ങളാക്കുകയും 300 ലിറ്റർ ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം സൗത്ത് ഡൽഹിയിലെ മെഹ്‌റൗളി ഏരിയയിലെ തന്റെ വസതിയിൽ സൂക്ഷിച്ച് ദിവസങ്ങളോളം നഗരത്തിലുടനീളം വലിച്ചെറിയുകയും ചെയ്തുവെന്നാണ് കേസ്. 

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ് ടൗൺ സ്വദേശിയായിരുന്നു ശ്രദ്ധ വാക്കർ. 2020 നവംബറിൽ പാൽഘറിലെ തുലിഞ്ച് പോലീസിന് നൽകിയ പരാതിയിൽ അഫ്താബ് എന്നെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു എന്ന് ശ്രദ്ധ 2020 ല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. 

“ഇന്ന് അവൻ എന്നെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. കെട്ടിയിട്ട് എന്നെ കൊല്ലുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു. അവൻ എന്നെ തല്ലാൻ തുടങ്ങിയിട്ട് ആറു മാസമായി. പക്ഷേ, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാൽ പോലീസിൽ പോകാൻ എനിക്ക് ധൈര്യമില്ലായിരുന്നു” ശ്രദ്ധ പരാതിയിൽ പറയുന്നു. 

“അവൻ എന്നെ മർദിച്ചെന്നും കൊല്ലാൻ ശ്രമിച്ചു. അവന്‍റെ മാതാപിതാക്കൾക്ക് അഫ്താബ് എന്നെ തല്ലുന്നത് അറിയാം,” അവൾ പോലീസിനോട് പറഞ്ഞു. പൂനാവാലയുടെ മാതാപിതാക്കൾക്ക് തങ്ങൾ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും വാരാന്ത്യങ്ങളിൽ അവരെ സന്ദർശിക്കാറുണ്ടെന്നും ശ്രദ്ധ കത്തിൽ പറയുന്നു.

ഞങ്ങൾ വിവാഹിതരാകാനിരിക്കുന്നവരാണ് അഫ്താബിന്‍റെ കുടുംബത്തിന്റെ അനുഗ്രഹവും ഉള്ളതിനാലും ഞാൻ അവനോടൊപ്പം താമസിച്ചത്. ഇനി മുതൽ, അവനോടൊപ്പം ജീവിക്കാൻ ഞാൻ തയ്യാറല്ല, അതിനാല്‍ അവന്‍ എന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭയക്കുന്നു” ശ്രദ്ധ പരാതി കത്തിൽ പറഞ്ഞു.

അതേ സമയം നവംബർ 22 ന് ദില്ലി പോലീസ് അഫ്താബ് പൂനാവാലയെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനായി. അതേസമയം ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിൽ രക്തക്കറ ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം. പോളിഗ്രാഫ് പരിശോധന കൃത്യമായ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അതിനാൽ ദാരുണമായ കൊലപാതകത്തിലെ സംഭവങ്ങളുടെ ക്രമം കണ്ടെത്താനാകുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group