Join News @ Iritty Whats App Group

വാഗ്ദാനങ്ങളിൽ ഒതുങ്ങിക്കിടന്ന ഇരിട്ടിയിൽ മിനി സിവിൽസ്റ്റേഷന്റെ പ്രാരംഭ പ്രവ്യത്തികൾക്ക് തുടക്കം

ഇരിട്ടി: വർഷങ്ങളായി വാഗ്ദാനങ്ങളിലും കടലാസിലും ഒതുങ്ങി നിന്ന ഇരിട്ടി മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.  താലൂക്ക് നിലവിൽ വന്ന് പത്ത് വർഷത്തോട് അടുത്തിട്ടും മിനിസിവിൽ സ്‌റ്റേഷൻ മരീചീകയായി മാറുകയായിരുന്നു. റവന്യു ഓഫീസുകളുടെ നവീകരണത്തിന് സർക്കാർ അനുവദിച്ച 173 കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരിട്ടിയിൽ മിനി സിവിൽ  സ്റ്റേഷൻ പണിയാൻ സർക്കാർ ഒരു വർഷം മുൻമ്പ് 20 കോടി അനുവദിച്ചത്.  ഇതിന്റെ ടെണ്ടർ നടപടികൾ എല്ലാം പൂർത്തിയാക്കി പ്രവ്യത്തി ഉദ്ഘാടനത്തിനുള്ള നടപടി തുടങ്ങി. 18 കോടി രൂപയ്ക്ക് നിർമ്മാണം ഏറ്റെടുത്ത കല്പറ്റ ആസ്ഥാനമായ ഹിൽട്രാക്ക് കമ്പിനിയാണ് പ്രാരംഭ പ്രവ്യത്തി ആരംഭിച്ചത്. പയഞ്ചേരിയിൽ റവന്യു വകുപ്പിന്റെ അധീനതയിലുള്ള ഒരേക്കറിലധികം സ്ഥലത്ത് ചുറ്റുമതിലിന്റെയും കുഴൽ കിണറിന്റെയും നിർമ്മാണം ആരംഭിച്ചു. പ്രവ്യത്തി ഉദ്ഘാടനം ചെയ്താൽ18 മാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥ.
ഇരിട്ടി മിനി സിവിൽസ്റ്റേഷനായി 60,000 സ്‌ക്വയർ ഫിറ്റിൽ അഞ്ചു നില കെട്ടിടമാണ് നിർമ്മിക്കുക.  കഴിഞ്ഞ യൂ ഡി എഫ് സർക്കാറിന്റെ കാലത്ത്  പ്രഖ്യാപിച്ച 11 താലൂക്കുകളിൽ 10ലും സിവിൽ സ്റ്റേഷൻ  ആരംഭിച്ചിരിക്കെ  മലയോര താലൂക്കായ ഇരിട്ടിക്ക്  തുടക്കം മുതൽ അവഗണന നേരിടുകയായിരുന്നു.
 താലൂക്ക് ഉദ്ഘാടനം ചെയ്ത ഉടൻ തന്നെ അഞ്ചു  നിലയിൽ 20 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി റവന്യു വിഭാഗം സർക്കാരിന് നൽകിയിരുന്നു. ഓരോ തവണയും പല  കാരണങ്ങൾ പറഞ്ഞ് അനുമതി വൈകിപ്പിച്ചു. ഇരിട്ടി താലൂക്കിന്റെ ഭാഗമായ മട്ടന്നൂരിൽ സിവിൽ സ്റ്റേഷന് സർക്കാർ പണം വകയിരുത്തിയപ്പോൾ താലൂക്ക് ആസ്ഥാനമായ ഇരിട്ടിയെ അവഗണിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി.  മിനി സിവിൽ സ്റ്റേഷൻ പണിയാൻ നഗരത്തിൽ തന്നെ റവന്യു വകുപ്പിന്റെ സ്വന്തമായി ഒരേക്കർ  സ്ഥലവും ഉണ്ടെന്ന അനുകൂല ഘടകവും പരിഗണിക്കപ്പെടാതെ  പോവുകയായിരുന്നു.ഇതിനൊടുവിലാണ് ഫണ്ട് അനുവദിച്ചുക്കൊണ്ട് സർ്ക്കാർ ഉത്തരവായത്.
ഇരിട്ടിയിൽ താലൂക്ക്  ഓഫീസിന് പുറമെ താലൂക്കുമായി ബന്ധപ്പെട്ട മുഴുവൻ ഓഫീസുകളും  വാടക കെട്ടിടത്തിലാണ്. ജോയിന്റ് ആർ ടി ഒ ഓഫീസും താലൂക്ക് സപ്ലൈ ഓഫീസും സബ് ട്രഷറിയുമെല്ലാം  വാടക കെട്ടിട്ടത്തിലാണ്. ഇവയെല്ലാം ഒരു കുടക്കീഴിലാക്കുകയാണ് മിനി സിവിൽ സ്റ്റേഷൻ വന്നാൽ സാധ്യമാവുക. ഇരിട്ടിയിൽ താലൂക്ക് അനുബന്ധമായി വരേണ്ടുന്ന ലീഗൽ മെട്രോളജിയും എക്‌സൈസ് സർക്കിൾ ഓഫിസും മട്ടന്നൂരിലേക്ക് മാറിപോകാനുള്ള പ്രധാന കാരണവും സ്ഥല പരിമിതിയായിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണെങ്കിലും സിവിൽ സ്റ്റേഷന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് മേഖലയ്ക്ക് വലിയ നേട്ടമായാണ് കരുതുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group