തിരുവനന്തപുരം : സർക്കാരിനെതിരെയുള്ള വിമർശനം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ഗവർണർ ആരോപിച്ചു. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ഗവർണർക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാർച്ചിൽ അദ്ദേഹം പ്രതികരിച്ചു. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാർ വിശദീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു.
താൻ അഡ്മിനിസ്ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം. എന്നാൽ സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്നും ഗവർണർ പറഞ്ഞു. സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടേ. ധർണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവർണർ പറഞ്ഞു. 'ഞാൻ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ' എന്നും ഗവർണർ ചോദിച്ചു. മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നും ഗവർണർ പറഞ്ഞു. താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവർണർ പറഞ്ഞു.
അതേസമയം ഗവർണർ മാധ്യമങ്ങളെ വിലക്കിക്കൊണ്ടാണ് വാർത്താസമ്മേളനം ആരംഭിച്ചത്. കൊച്ചിയിൽ ഗസ്റ്റ് ഹൌസിലായിരുന്നു രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള ഗവർണറുടെ വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്. ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാധ്യമ വിലക്ക്. കേഡർ മാധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവർണർ മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്
മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികൾ ഉണ്ടെങ്കിൽ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവർണർ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയർ പറഞ്ഞു. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ൻ ചെയ്യുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.
Post a Comment