Join News @ Iritty Whats App Group

ത്വലാഖ് ചൊല്ലിയ ഭാര്യയ്ക്ക് ഭർത്താവ് 31.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി; ഇത്രയും ഉയർന്ന തുക വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യം

കൊച്ചി: ത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട്​ നൽകിയ ഹർജിയിൽ ഭർത്താവ് 31.68 ലക്ഷം രൂപ നൽകണമെന്ന മജിസ്ട്രേറ്റ്​ കോടതിയുടെ ഉത്തരവ്​ ഹൈക്കോടതി ശരിവെച്ചു. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഇത്തരം കേസിൽ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം വിധിക്കുന്നത്. എറണാകുളം ജില്ലയിലെ പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് മജിസ്ട്രേറ്റ് കോടതി വിധി ശരിവെച്ചത്.
2008ൽ വിവാഹിതരായ ഇരുവരും 2013ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ദോഹയിൽ രണ്ടുലക്ഷം രൂപ ശമ്പളത്തിൽ ജോലിചെയ്യുന്ന ഭർത്താവിൽനിന്ന് ഭാവി ജീവിതത്തിനായി ഒരുകോടിയും മറ്റൊരു വിവാഹം കഴിക്കുന്നതുവരെയുള്ള കാലയളവിൽ മുസ്ലിം വനിത സംരക്ഷണ നിയമപ്രകാരം ജീവനാംശമായി 1.50 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് കളമശ്ശേരി മജിസ്ട്രേറ്റ്​ കോടതിയിൽ ഹർജി നൽകിയത്.

കോടതി ഹർജിക്കാരിക്കും മകനും ജീവിക്കാൻ പ്രതിമാസം 33,000 രൂപ വേണമെന്ന്​ വിലയിരുത്തി എട്ടുവർഷത്തെ തുക കണക്കാക്കി 31.68 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെ ഭർത്താവ്​ നൽകിയ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഈ ഉത്തരവ്​ റദ്ദാക്കി ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേറ്റ്​ കോടതിയിലേക്ക് തിരിച്ചുവിട്ടു. രണ്ടുലക്ഷം രൂപ ശമ്പളമുണ്ടെന്ന ഹർജിക്കാരിയുടെ വാദം തെറ്റാണെന്ന ഭർത്താവിന്റെ വാദം കണക്കിലെടുത്തായിരുന്നു ഈ നടപടി.

തുടർന്ന്​ 31.68 ലക്ഷം നൽകാനുള്ള വിധി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കിയതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഹർജിക്കാരിക്കും മകനുമുള്ള ജീവനാംശം മജിസ്ട്രേറ്റ്​ കോടതി വിലയിരുത്തിയതിൽ അപാകതയില്ലെന്ന്​ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group