Join News @ Iritty Whats App Group

കർണാടകയിലെ ചരിത്ര പ്രസിദ്ധമായ മദ്റസയിൽ അതിക്രമിച്ചുകയറി പൂജ നടത്തി; ഒമ്പത് പേർക്കെതിരെ കേസ്


ബെംഗളൂരു: കർണാടകയിലെ ബീദറിൽ ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടം മദ്റസയിൽ അതിക്രമിച്ചു കയറി പൂജ നടത്തിയെന്ന് പരാതി. ചരിത്ര പ്രസിദ്ധമായ മഹ്മൂദ് ഗവാൻ മദ്റസ പരിസരത്ത് അതിക്രമിച്ച് കയറിയാണ് ആൾക്കൂട്ടം പൂജ നടത്തിയതും മുദ്രാവാക്യം വിളിച്ചതും. 1460-കളിൽ പണികഴിപ്പിച്ച മദ്റസ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലും മദ്റസ ഉൾപ്പെടുന്നു. സംഭവത്തിൽ ബീദര്‍ പൊലീസ് ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് മുസ്ലീം സംഘടനകൾ മുന്നറിയിപ്പ് നൽകി. പ്രതികളെ പിടികൂടുമെന്ന് പൊലീസ് നൽകിയ ഉറപ്പിലാണ് മുസ്ലിം സംഘടനാ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.  

ബുധനാഴ്ച വൈകീട്ടാണ് ജനക്കൂട്ടം മദ്റസയുടെ പൂട്ട് തകർത്ത് അകത്തുപ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും പ്രചരിച്ചു. മദ്റസ പ്രദേശത്ത് പ്രവേശിച്ച ആൾ‌ക്കൂട്ടം കോണിപ്പടിയിൽ കയറി മുദ്രാവാക്യങ്ങൾ വിളിക്കുന്നതും പൂജ നടത്താനായി ഒരു ഭാ​ഗത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. ജനക്കൂട്ടം കെട്ടിടത്തിനുള്ളിൽ കയറാനും ശ്രമിച്ചു. സംഭവത്തെ അപലപിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബീദറിൽ നിന്നുള്ള നിരവധി മുസ്ലീം സംഘടനകൾ രം​ഗത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്തെ സുരക്ഷ കർശനമാക്കി. സയ്യിദ് മുബാഷിർ അലി എന്നയാളുടെ പരാതിയെ തുടർന്ന് നരേഷ് ഗൗളി, പ്രകാശ്, വിനു, മന്ന, സാഗർ ബന്തി, ജഗദീഷ് ഗൗളി, അരുൺ ഗൗലി, ഗോരഖ് ഗൗളി, പേരറിയാത്ത ഒരാൾ എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group