Join News @ Iritty Whats App Group

കെ.പി.സി.സി അംഗവും കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്‍റുമായ സതീശന്‍ പാച്ചേനി നിര്യാതനായി



കെ.പി.സി.സി അംഗവും കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്‍റുമായ സതീശന്‍ പാച്ചേനി (54) നിര്യാതനായി. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 19ന് രാത്രി 11 ഓടെയാണ് അദ്ദേഹത്ത കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ. ശസ്ത്രക്രീയക്ക് വിധേയനാക്കിയിരുന്നെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച പകല്‍ 11.30ഓടെ മരണപ്പെടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. തളിപറമ്ബിനടുത്തുള്ള പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളിയുമായ പരേതരായ പാലക്കീല്‍ ദാമോദരന്‍റേയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനിയുടെ ജനനം. വിദ്യാര്‍ഥി പ്രസ്ഥനാമായ കെ.എസ്.യു.വിലൂടെയായിരുന്നു കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശം. 1979ല്‍ പരിയാരം ഗവ. ഹൈസ്‌ക്കൂളില്‍ കെ.എസ്.യു. യൂനിറ്റ് രൂപികരിച്ച്‌ അതിന്‍റെ പ്രസിഡന്‍റായാണ് രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചത്. 1986ല്‍ കെ.എസ്.യു. കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയും തൊട്ടടുത്ത വര്‍ഷം ജില്ല വൈസ് പ്രസിഡന്‍റുമായി. 1989-1993 കാലയളവില്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം. തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി. 1999ല്‍ കെ.എസ്.യുവിന്‍റെ സംസ്ഥാന പ്രസിഡന്‍റായും നിയമിക്കപ്പെട്ടു. 2001 മുതല്‍ തുടര്‍ച്ചയായ 11 വര്‍ഷക്കാലം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 2016 മുതല്‍ അഞ്ച് വര്‍ഷക്കാലം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.

നിലവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ 1996ല്‍ തളിപ്പറമ്ബ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 

2001ലും 2006ലും നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്ബുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തിറക്കിയത് സതീശനെയായിരുന്നു. 2009 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ഫലം ഏതിരായിരുന്നു. 2016, 2021 വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനോടും മത്സരിച്ച്‌ പരാജയപ്പെട്ടു. 

തളിപറമ്ബ് അര്‍ബന്‍ ബാങ്ക് ജീവനക്കാരി റീനയാണ് ഭാര്യ. മക്കള്‍: ജവഹര്‍ (ബിരുദ വിദ്യാര്‍ഥി), സോണിയ (പ്ലസ് ടു വിദ്യാര്‍ഥി). സുരേശന്‍ (സെക്രട്ടറി, തളിപറമ്ബ് കാര്‍ഷിക വികസന ബാങ്ക്), സിന്ധു, സുധ എന്നിവരാണ് സഹോദരങ്ങള്‍.

Post a Comment

Previous Post Next Post
Join Our Whats App Group