Join News @ Iritty Whats App Group

അ‍‍ഞ്ച് വര്‍ഷത്തിന് ശേഷം കെഎസ്‍യുവിന് പുതിയ നേതൃത്വം: അലോഷ്യസ് സേവ്യര്‍ പുതിയ അധ്യക്ഷൻ


ദില്ലി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡൻ്റസ് യൂണിയന് പുതിയ നേതൃത്വം. അലോഷ്യസ് സേവ്യര്‍ ആണ് കെ‍എസ്‍യുവിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷൻ. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെ എൻഎസ്‍യുഐ ദേശീയ ജനറൽ സെക്രട്ടറിയായി പുതിയ നിയമനം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച കെഎസ്‍യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അഭിജിത്ത് കെഎസ്‍യു അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. 2017-ൽ നടത്തിയ പുനസംഘടനയിലൂടെയാണ് അഭിജിത്ത് കെഎസ്‍യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. രണ്ട് വര്‍ഷമായിരുന്നു കാലാവധിയെങ്കിലും അഞ്ച് വര്‍ഷത്തിലേറെ കാലം ഈ പദവിയിൽ അഭിജിത്ത് തുടര്‍ന്നു. 

പുനസംഘടന അനന്തമായി നീളുന്നതിൽ സംഘടനയ്ക്ക് അകത്തും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഒടുവിൽ അഭിജിത്തിൻ്റെ രാജി പ്രഖ്യാപനത്തോടെ പുനസംഘടന നടത്താതെ വഴിയില്ലെന്ന അവസ്ഥയായി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കെ.എസ്.യു പുനസംഘടന സംബന്ധിച്ച് കെപിസിസി തലത്തിൽ ചര്‍ച്ചകൾ നടന്നു വരികയായിരുന്നു. എ ഗ്രൂപ്പുകാരനായ അലോഷ്യസ് സേവ്യര്‍ ഇടുക്കി സ്വദേശിയാണെങ്കിലും നിലവിൽ കെ.എസ്.യുവിൻ്റെ എറണാകുളം ജില്ലാ പ്രസിഡൻ്റാണ്. കെഎസ്‍യു അധ്യക്ഷ സ്ഥാനത്തേക്ക് അലോഷ്യസ് സേവ്യറിൻ്റെ പേരാണ് ഉമ്മൻ ചാണ്ടി ശക്തമായി നിര്‍ദേശിച്ചത്. വിഡി സതീശനും അലോഷ്യസ് സേവ്യറിനായി വാദിച്ചതോടെ എതിര്‍പ്പുകൾ മറികടന്ന് അലോഷ്യസിന് പദവി ഉറപ്പിക്കാനായി.

Post a Comment

Previous Post Next Post
Join Our Whats App Group