Join News @ Iritty Whats App Group

വിഴിഞ്ഞം സമരം; ലത്തീന്‍ അതിരൂപത നാളെ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടര്‍



വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ നാളെ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു. 

വിഴിഞ്ഞം തുറമുഖ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് ലത്തീൻ പള്ളികളിൽ രാവിലെ സർക്കുലർ വായിച്ചു. റോഡുപരോധവും പ്രതിഷേധ പരിപാടികളും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പള്ളികളിൽ ഇന്ന് പ്രത്യേക സർക്കുലർ വായിച്ചത്. അതിരൂപതയുടെ ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ അനുഭാവപൂർവം പരിഗണിച്ചില്ലെന്നും ഒന്നും ചെയ്യാതെ എല്ലാം ചെയ്‌തെന്നു പറയുന്നുവെന്നും സർക്കുലറിൽ അതിരൂപത വ്യക്തമാക്കി.

‘തീര ജനതയുടെ നിലവിളി അധികാരികൾ കേൾക്കുന്നില്ല. മനുഷ്യോചിതമല്ലാത്ത ജീവിത സാഹചര്യത്തിലുളളവരെ മാറ്റി പാർപ്പിക്കുന്നില്ല. ഇത് മനുഷ്യനിന്ദ, ദൈവനിന്ദ, പൈശാചികത. തീരം നഷ്ടപെടുന്നത് പറയുമ്പോൾ ആഗോള താപനമെന്ന് പറയും. തീര ശോഷണമില്ലാത്തിടത്ത് ആഗോള താപനമില്ല’- സർക്കുലറിൽ പറഞ്ഞു.

അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഖുർബാന മധ്യേ സർക്കുലർ വായിച്ചു. നാളെയാണ് തിരുവനന്തപുരത്ത് 8 കേന്ദ്രങ്ങളിൽ റോഡുപരോധ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. തുറമുഖനിർമാണം വേഗം പുനരാരംഭിക്കണമെന്നിരിക്കെ സർക്കാരിന്റെ സമവായചർച്ചകളും ഉടനുണ്ടാകും.

Post a Comment

Previous Post Next Post
Join Our Whats App Group