Join News @ Iritty Whats App Group

രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷം'; ചർച്ചയായി ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം


ദില്ലി : ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. രാജ്യത്ത് ദാരിദ്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെന്നും ഹൊസബലേ ഒരു വെബിനാറില്‍ പറഞ്ഞു. ഇതേ വിഷയങ്ങൾ കേന്ദ്രീകരിച്ച് പ്രതിപക്ഷം കേന്ദ്രസർക്കാറിനെതിരെ വിമർശനം ശക്തമാക്കുമ്പോഴാണ് ആർഎസ്എസിന്‍റെ പ്രതികരണം. നേരത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇതേ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. 

സ്വദേശി ജാഗരൺ മഞ്ച് സംഘടിപ്പിച്ച വെബിനാറിലാണ് ആർഎസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. ''രാജ്യത്ത് 20 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുള്ളത് ദുഖകരമാണ്. ഇതില്ലാതാക്കണം. 23 കോടിയാളുകൾക്ക് ദിവസം 375 രൂപയ്ക്ക് താഴെയാണ് വരുമാനം. നാല് കോടി പേർക്ക് തൊഴിലില്ല''. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമാണെന്നാണ് കണക്കുകളെന്നും ഹൊസബലേ പറഞ്ഞു. ''ഒരു ശതമാനമാളുകളുടെ കൈയിലാണ് രാജ്യത്തിന്‍റെ അഞ്ചിലൊന്ന് വരുമാനം. അതേസമയം രാജ്യത്തെ പകുതി ജനങ്ങളുടെ കൈയില്‍ ആകെ വരുമാനത്തിന്‍റെ 13 ശതമാനമേയുള്ളൂ. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ആറ് രാജ്യങ്ങളില്‍ ഒന്നായി എന്ന കണക്കുകൾ പുറത്തുവരുന്നുണ്ട്''. പക്ഷേ ഇപ്പോഴത്തെ സാഹചര്യം നല്ലതാണോയെന്നും ഹൊസബലേ ചോദിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും സമാനരീതിയില്‍ ഒരു ചടങ്ങില്‍ പ്രതികരിച്ചിരുന്നു. 

ലോകസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കേ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാറിനെതിരെ ആയുധമാക്കുന്ന പ്രധാന വിഷയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ഗാന്ധി ഉന്നയിക്കുന്നതും ഇതേ വിഷയങ്ങളാണ്. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് തലപ്പത്തുനിന്നുള്ള പ്രതികരണമെന്നതും ശ്രദ്ദേയമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group