Join News @ Iritty Whats App Group

ഭിന്നശേഷി വിദ്യാർഥികൾക്കായി നൈപുണ്യ വികസന കേന്ദ്രം തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി, കലോത്സവത്തിന് തുടക്കം


കോട്ടയം: ഇരുപത്തി മൂന്നാമത് സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന് കോട്ടയത്ത് വർണാഭമായ തുടക്കം. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്. സ്‌കൂളിൽ നടക്കുന്ന കലോത്സവം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി വിദ്യാർഥികളുടെ നൈപുണ്യവികസനത്തിനായി നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മെന്റലി ചലഞ്ച്ഡിനെ ഇതിന്റെ അപ്പക്‌സ് സ്ഥാപനമാക്കി ഉയർത്തും. ഇതിനായുള്ള സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു. സ്‌പെഷൽ സ്‌കൂളുകൾക്ക് സർക്കാർ പ്രത്യേക പാക്കേജ് നൽകുന്നുണ്ട്. 

ഈ വർഷം 45 കോടിയുടെ പാക്കേജാണ് വകയിരുത്തിയിട്ടുള്ളത്. പാക്കേജ് സംബന്ധിച്ച് മാനദണ്ഡങ്ങൾ തീരുമാനിക്കാനായി പ്രത്യേക സമിതിയെ തീരുമാനിച്ചു. സ്‌പെഷൽ പാക്കേജിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പാക്കേജ് കാലതാമസമില്ലാതെ ലഭ്യമാക്കാനാകും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കണം. അതിനുള്ള കരുതൽ സർക്കാരിനുണ്ട്. സ്‌കൂളുകളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഭിന്നശേഷിക്കാർക്ക് ആരോഗ്യകരമായും അന്തസോടെയും ജീവിക്കാനും വരുമാനം നേടാനും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷി വിദ്യാർഥികളുടെ കലോത്സവത്തിന് മറ്റു കലോത്സവങ്ങളേക്കാൾ ഏറെ പ്രധാന്യം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. തോമസ് ചാഴികാടൻ എം.പി. വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, നഗരസഭാംഗങ്ങളായ സിൻസി പാറയിൽ, അഡ്വ. ഷീജ അനിൽ, സാബു മാത്യൂ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ. ഷൈൻ മോൻ, എസ്.ഐ.ഇ.ടി-സിമാറ്റ് ഡയറക്ടർ ബി. അബുരാജ്, ഹയർസെക്കൻഡറി മേഖല ഉപഡയറക്ടർ എം. സന്തോഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സ്‌കൂൾ പ്രിൻസിപ്പൽ ഷിബു തോമസ്, വൊക്കേഷണൽ ഹയർസെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ അനിൽ കുമാർ, ഫാ. അനീഷ് എം. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു കലോത്സവ പതാകയുയർത്തി. ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി എം.വി. വിസ്മയയുടെ സ്വാഗത ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിസ്മയയെ മന്ത്രിമാരും ജനപ്രതിനിധികളും അഭിനന്ദിച്ചു. മന്ത്രി വി. ശിവൻകുട്ടി ഉപഹാരം നൽകി. 

ഒക്‌ടോബർ 22 വരെ നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള യു.പി. മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള 1600 ഭിന്നശേഷി വിദ്യാർഥികൾ ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ എട്ടു വേദികളിലായി മാറ്റുരയ്ക്കും. ശ്രവണ, കാഴ്ച പരിമിതിയുള്ളവരും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികളാണ് പങ്കെടുക്കുക. ശ്രവണ പരിമിതിയുള്ളവർക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്. വിദ്യാർഥികൾക്ക് ഭക്ഷണവും താമസസൗകര്യവുമടക്കം ഏർപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തി ഗാനം, ഉപകരണ സംഗീതം, ചിത്രരചന, പെൻസിൽ, ജലഛായം മത്സരങ്ങാളാണ് ഒക്‌ടോബർ 20ന് നടന്നത്. ഇന്ന് ഒക്‌ടോബർ 21 ശ്രവണ പരിമിതിയുള്ളവർക്കായുള്ള നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, മൈം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള നാടോടിനൃത്തം, ദേശഭക്തിഗാനം, മിമിക്രി, കഥാപ്രസംഗം, മോണോ ആക്ട്, ലളിതഗാനം,പദ്യം ചൊല്ലൽ, ഉപകരണ സംഗീതം, ചിത്രരചന, കാർട്ടൂൺ, കഥാരചന, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ബാന്റ് മേളം എന്നീ മത്സരങ്ങൾ നടക്കും. നാളെ ഒക്‌ടോബർ 22 ശ്രവണ പരിമിതിയുള്ളവർക്കായുള്ള തിരുവാതിര, ചിത്രീകരണം, മോണോ ആക്ട്, ദേശീയഗാനം, പദ്യം ചൊല്ലൽ, കാഴ്ച പരിമിതിയുള്ളവർക്കുള്ള സംഘഗാനം, കഥാകഥനം, പ്രസംഗം മത്സരങ്ങൾ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group