Join News @ Iritty Whats App Group

'മതി പരിശോധന, അവസാനിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തി വയ്ക്കും'; മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസുടമകൾ



കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കെതിരെ ബസ്സുടമകളുടെ സംഘടന രംഗത്ത്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ്സുടമകളെ പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ബസ്സുടമകൾ വലിയ സാമ്പത്തിക പ്രയാസം നേരിടുകയാണ്. ഇതിനിടയിൽ പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി ഭീമമായ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ ആരോപിച്ചു. 

സർക്കാർ പറഞ്ഞ കമ്പനികളുടെ സ്പീഡ് ഗവർണർ വാങ്ങി ഫിറ്റ് ചെയ്തു കൊണ്ടാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തി വരുന്നത്. എന്നാൽ സ്പീഡ് ഗവർണറുകൾ വിൽപന നടത്തി കോടികൾ തട്ടിയെടുത്ത കമ്പനികൾ റിപ്പയർ ചെയ്യാനുള്ള സർവീസ് സെന്റർ പോലും അവശേഷിപ്പിക്കാതെ കടകൾ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്. ഒന്നരക്കോടി വാഹനങ്ങൾ ഉള്ള കേരളത്തിൽ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന ഗതാഗ വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. 

'നിയമലംഘനം നടത്തിയാൽ ഫിറ്റ്നസ് റദ്ദാക്കണം, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം'; സൗമ്യത വേണ്ടെന്ന് ഹൈക്കോടതി

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group