Join News @ Iritty Whats App Group

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി, ഗവര്‍ണര്‍ക്കെതിരെ പ്രചാരണപരിപാടിക്ക് സി.പി.എം

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പുതിയ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് ഹൈക്കോടതി വിലക്കി. ഇത് സംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അംഗങ്ങളെ പുറത്താക്കുന്നതിന് ആധാരമായ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.

നീക്കം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാമെന്ന് ചാന്‍സലറുടെ അഭിഭാഷകന്‍ അറിയിച്ചു. ചാന്‍സലറായ ഗവര്‍ണറെ കൂടാതെ കേരളസര്‍വകലാശാലയോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന 15 സെനറ്റ് അംഗങ്ങളെയായിരുന്നു ഗവര്‍ണര്‍ പുറത്താക്കിയത്.

ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടും ഉത്തരവിറക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു രാജ്ഭവന്‍ ഉത്തരവിറക്കിയത്. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവ് ഇറക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം കേരള സര്‍വകലാശാല തള്ളിയതോടെയാണ് ഗവര്‍ണര്‍ വീണ്ടും അസാധാരണ നടപടിയിലേക്ക് കടന്നത്.

ഇതേസമയം ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണപരിപാടിക്ക് തുടക്കമിടാന്‍ സി.പി.എം തീരുമാനം. ഗവര്‍ണറുടെ നടപടികള്‍ ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തു. ഇടതുമുന്നണിയില്‍ കൂടിയാലോചിച്ച ശേഷമാകും തുടര്‍നടപടികള്‍.

Post a Comment

Previous Post Next Post
Join Our Whats App Group