Join News @ Iritty Whats App Group

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമനിര്‍മാണം ഉടനെന്ന് സര്‍ക്കാര്‍



തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചിവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതിവരുത്താന്‍ നിയമ നിര്‍മാണം ഉടനെന്നു സര്‍ക്കാര്‍. ഏഴുകൊല്ലം തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബില്ലിനാണു രൂപം നല്‍കുക. നേരത്തെ ഇതുസംബന്ധിച്ച് നിയമനിര്‍മാണം നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം ജലരേഖയായി. എന്നാല്‍, പത്തനംതിട്ട സംഭവത്തോടെ നിയമവകുപ്പ് കൈമാറിയ റിപ്പോര്‍ട്ട് പരിശോധിച്ച് വേഗം നിയമനിര്‍മാണം നടത്താന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമപരിഷ്‌കാര കമ്മിഷന്‍ സമഗ്ര റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. നിയമ വകുപ്പ് തയാറാക്കിയ കരട് ബില്ല് ആഭ്യന്തര വകുപ്പിന്റെ പരിഗണന കാത്തിരിക്കുകയാണ്.
അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പേരില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനെതിരേ കര്‍ശന നടപടി ലക്ഷ്യമിട്ടാണു പ്രത്യേക നിയമ നിര്‍മാണം. മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കല്‍ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണു നിയമപരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്.
ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരട് നിയമത്തില്‍നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷനാണ് ശിപാര്‍ശ തയാറാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group