Join News @ Iritty Whats App Group

കണ്ണൂര്‍ വിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; പടന്നയിലെ കോളേജിന്‍റെ അനുമതി റദ്ദാക്കി


കൊച്ചി: കാസർഗോഡ് പടന്നയിൽ ചട്ടവിരുദ്ധമായി ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചതിൽ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന് ഹൈക്കോടതി. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കി. കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. 

സിൻഡിക്കേറ്റിനെ ഒഴിവാക്കിയായിരുന്നു വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ കോളേജിന് അനുമതി നൽകിയത്. പടന്നയിൽ ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാൻ സിൻഡിക്കേറ്റിന്റ അനുമതി ഇല്ലാതെ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ ഭരണാനുമതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കിയത്.

ഇക്കഴിഞ്ഞ ജൂലായ് 20നാണ് ടികെസി എജുക്കേഷൻ ആന്‍റ് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് തുടങ്ങാൻ വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് അനുമതി നൽകിയത്. സിൻഡിക്കേറ്റിന്‍റെ അറിവോ സമ്മതമോ കൂടാതെയായിരുന്നു നടപടി. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്നും വൈസ് ചാൻസലർ അല്ല സിൻ്റിക്കറ്റാണ് കോളേജിന് അനുമതി നൽകേണ്ടതെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. സർവ്വകലാശാല നിയമമനുസരിച്ച് പുതിയ കോളേജ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കണം. എന്നാൽ ഇവിടെ സിനിക്കറ്റ് സമിതി പരിശോധന നടത്തിയത് പോലും മെയ് മാസത്തിലാണ്. 

ചട്ടപ്രകാരം ആർട്സ് ആൻ്റ് സയൻസ് കോളേജിന് അഞ്ച് ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം. എന്നാൽ കോളേജ് സൊസൈറ്റിക്ക് 4 ഏക്കർ ഭൂമിയേ ഉള്ളൂവെന്നും സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് അനുമതിയുള്ള കരഭൂമിയല്ല ഇതെന്നും സിൻ്റിക്കറ്റ് നോട്ടിൽ വൈസ് ചാൻസലർ തന്നെ വ്യക്തമാക്കുന്നുമുണ്ട്. പുതിയ കോളേജിന് അംഗീകാരം നൽകാനുള്ള തീരുമാനം തടയണമെന്നും, വൈസ് ചാൻസലർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നുമാണാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിൻ്റെ ആവശ്യപ്പെട്ടത്. വിഷയത്തില്‍ സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഗവർണർക്കും പരാതി നല്‍കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group