Join News @ Iritty Whats App Group

ആസിഡ് കലര്‍ന്ന ശീതളപാനീയം കുട്ടിക്ക് നൽകിയതിൽ ദുരൂഹത തുടരുന്നു; വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം



തിരുവനന്തപുരം: ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ നിലയിൽ മാറ്റമില്ല. കഴിഞ്ഞ ഏഴ് ദിവസമായി പതിനൊന്നുകാരൻ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ആരാണ് കുട്ടിക്ക് ആസിഡ് കല‍ര്‍ന്ന പാനീയം നൽകിയതെന്നതിൽ ദുരൂഹത മാറ്റാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ മാസം 24 നാണ് ആസിഡ് അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ തമിഴ്നാട് സ്വദേശിയായ 11 കാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആസിഡ് ശരീരത്തിനകത്തെത്തി കരൾ, വൃക്ക തുടങ്ങി ഒട്ടുമിക്ക ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ കാര്യമായി തകരാറിലാക്കി. ഏഴ് ദിവസത്തിനിപ്പുറവും കുട്ടി വെങ്കിലേറ്ററിലാണ്. ന്യൂമോണിയ ബാധിച്ചതോടെ കുട്ടിയെ കൂടുതൽ കർശന നിരീക്ഷണത്തിലേക്ക് മാറ്റി. എന്നാൽ കുട്ടിയുടെ ആരോഗ്യനില എങ്ങനെ ഇത്രയും ഗുരുതരാവസ്ഥയിലായി എന്നതിൽ ദുരൂഹത തുടരുകയാണ്. 

തമിഴ്നാട്ടിലെ അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിൽ പഠിക്കുന്ന അശ്വിൻ സ്കൂളിൽ വച്ച് സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചെന്നാണെന്നാണ് വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. ബന്ധുക്കൾ നൽകിയ പരാതിയിൽ തമിഴ്നാട് കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ നടത്തിയ അന്വേഷണത്തിൽ നിരവധി കുട്ടികളെ ചോദ്യംചെയ്തിട്ടും പൊലീസിന് തുമ്പ് കിട്ടിയില്ല. വിദ്യാർത്ഥികളെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ ക്ലാസിലുള്ളവരല്ല ഇത് ചെയ്തതെന്നും എന്നാല്‍, സ്കൂളില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയാണെന്നും അശ്വിന്‍റെ മാതാപിതാക്കള്‍ പറയുന്നു. അശ്വിന് കുട്ടിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 

അപകടനില തരണം ചെയ്യാത്തതിനാൽ കുട്ടിയുടെ വിശദമായ മൊഴി പൊലീസിന് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ ഈ വഴിക്കുള്ള അന്വേഷണവും നിലച്ചിരിക്കുകയാണ്. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും സംശയാസ്പദമായ ഒന്നുംകണ്ടില്ലെന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്. പിന്നെ എങ്ങിനെ ഇത്തരം അപകടമുണ്ടായി എന്നതിനുള്ള ഉത്തരം കിട്ടാൻ കുഞ്ഞ് ആരോഗ്യവാനയി സാധാരണ ജീവിത്തിലേക്ക് തിരിച്ചെത്തണം.

Post a Comment

Previous Post Next Post
Join Our Whats App Group