Join News @ Iritty Whats App Group

'ഒരു മാറ്റവുമില്ല', ലാവലിൻ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റി; ഇനി പരിഗണിക്കുക പുതിയ ബെഞ്ച്


ദില്ലി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുപ്പത്തിമൂന്നാം തവണയും കേസ് മാറ്റി വച്ചത്. കേസ് വീണ്ടും നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി. 2017 മുതൽ കോടതിയിലുള്ള കേസാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടായേക്കും. രണ്ടായാലും വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതോടെ ലാവലിൻ കേസിൽ വാദം കേൾക്കാതെ യു.യു.ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് പടിയിറങ്ങും. പുതിയ ബെഞ്ചിന് മുന്നിലാകും ഇനി നവംബർ അവസാനം കേസെടുത്തുക. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയത്. 

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പത്തിരണ്ട് തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം കോടതി പുറപ്പെടുവിച്ചിരുന്നു. പക്ഷേ പിന്നീടും കേസ് മാറ്റി വച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group