Join News @ Iritty Whats App Group

നിയമലംഘനം; ജില്ലയിൽ 30 ബസുകള്‍ക്കെതിരെ നടപടി, 68,000 രൂപ പിഴ


കണ്ണൂർ: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ഒമ്ബതുപേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിന്റെ പശ്ചാത്തലത്തില്‍, വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശനിയാഴ്ചയും ജില്ലയില്‍ പരിശോധന തുടര്‍ന്നു.

എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ എ.സി. ഷീബയുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധനയില്‍ നിയമലംഘനത്തിന് മുപ്പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 68,000 രൂപ ഈയിനത്തില്‍ പിഴ ചുമത്തി.

രാവിലെ 11 മണിയോടെയായിരുന്നു തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. ബസുകളിലെ സ്പീഡ് ഗവേണര്‍, എയര്‍ഹോണ്‍, നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങള്‍, തീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കൂളിങ് ഫിലിം, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. 

എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒയുടെ നിര്‍ദേശപ്രകാരം കൂത്തുപറമ്ബ്, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. അനുവദനീയമല്ലാതെ ലൈറ്റ്, ഹോണ്‍ എന്നിവ സ്ഥാപിച്ചതിന് തലശ്ശേരി, കൂത്തുപറമ്ബ് എന്നിവിടങ്ങളിലെ പത്തോളം ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

അനധികൃതമായി എയര്‍ഹോണ്‍ ഘടിപ്പിച്ചതിന് 15 ബസുകള്‍ക്കെതിരെയും എക്സ്ട്രാ ലൈറ്റ് ഫിറ്റിങ്ങിന് 13 ബസുകള്‍ക്കെതിരെയും കേസെടുത്തു. രൂപമാറ്റം വരുത്തിയതിനും സ്പീഡ് ഗവേണര്‍ ഊരിമാറ്റിയതിനും കേസെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‍പെന്‍ഡ് ചെയ്തു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി. ബിജു, ഇ. ജയറാം, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ. ശ്രീനാഥ്, വി.പി. സജേഷ്, കെ.കെ. സുജിത്ത്, നിതിന്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group