Join News @ Iritty Whats App Group

3 മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചു; ബസ് ഉടമയും അറസ്റ്റില്‍

 ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റിൽ. കോട്ടയം സ്വദേശി അരുണിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഡ്രൈവർ ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് അരുണിനെയും അറസ്റ്റ് ചെയ്തത്.
അപകടത്തിന് കാരണക്കാരനായ ഡ്രൈവർ ജോമോൻ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 19 തവണ വേഗപരിധി ലംഘിച്ച് വാഹനം ഓടിച്ചു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതേത്തുടർന്ന് ജോമോനെതിരെ നരഹത്യക്കുറ്റം ചുമത്തിയതിനൊപ്പം ബസുടമ അരുണിനെ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളിലും വിവരങ്ങളിലും ഡ്രൈവറുടെ കടുത്ത അനാസ്ഥ വ്യക്തമായിരുന്നു.

ഇതിനിടെ ഡ്രൈവർ ജോമോനെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുൻപിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് വേഗം കുറച്ചത് കൊണ്ടാണ് ബസ് വെട്ടിക്കേണ്ടി വന്നതെന്ന് ജോമോൻ പൊലീസിനോട് വിശദീകരിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാപിൾ കാക്കനാട്ടെ ലാബിലേക്കയച്ചിട്ടുണ്ട്.

ഡ്രൈവർക്കെതിരെ മുൻപ് ഇത്തരം കേസുകളുണ്ടായിരുന്നോ, മറ്റു സംസ്ഥാനങ്ങളിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നിവ പരിശോധിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും വിശദ പരിശോധന ആരംഭിച്ചു.

അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്ത് 134 ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തു. വേഗപ്പൂട്ടിലെ കൃത്രിമം, അനധികൃത രൂപമാറ്റം ഉൾപ്പെടെ വ്യാപക ക്രമക്കേട് കണ്ടെത്തി. ആകെ 2.16 ലക്ഷം രൂപ പിഴ ഈടാക്കി. 10 ദിവസം പരിശോധന നീണ്ടുനിൽക്കും. എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകൾക്ക് പിഴയിട്ടു. ആലപ്പുഴയിൽ 36 ബസുകൾക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരെ നടപടിയെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group