Join News @ Iritty Whats App Group

'നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രം; KSRTC അവർക്ക് ഏറ്റെടുത്തുകൂടെ?' ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രമാണെന്നും, ഈ പ്രസ്ഥാനം അവർക്ക് ഏറ്റെടുത്തുകൂടെയെന്നും ഹൈക്കോടതി ചോദിച്ചു. കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്കു നടത്തിയ ജീവനക്കാരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. മിന്നൽ പണിമുടക്കിൽ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കാനും കെഎസ്ആർടിസി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 6നു കേസ് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്തെ നാല് ഡിപ്പോകളിൽ 2022 ജൂൺ 26നു നടന്ന മിന്നൽ പണിമുടക്കിൽ നഷ്ടം വന്ന 9,50,137 രൂപ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാർ നൽകിയ ഹർജികളാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകളിൽ നടന്ന പണിമുടക്കിൽ 63 സർവീസുകൾ മുടങ്ങിയതായി കെഎസ്ആർടിസി അറിയിച്ചു. സർവീസ് ഷെഡ്യൂൾ മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ശമ്പളം കിട്ടാതായപ്പോൾ ജനങ്ങളെല്ലാം ജീവനക്കാർക്ക് ഒപ്പമായിരുന്നുവെന്നും കാട്ടാക്കടയിലെ ഒറ്റ സംഭവത്തോടെ ജനം എതിരായെന്നും കോടതി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group