Join News @ Iritty Whats App Group

ഹര്‍ത്താലിനിടെ കല്ലെറിഞ്ഞവര്‍ക്ക് കുരുക്ക്; പൊലീസിന്‍റെ നിര്‍ണായക നീക്കം; അരിച്ചുപെറുക്കി സിസിടിവി പരിശോധന


ആലപ്പുഴ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ആലപ്പുഴ ജില്ലയില്‍ വ്യാപക അക്രമം. വളഞ്ഞവഴിയിൽ നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. രണ്ട് കെഎസ്ആര്‍ടിസി ബസുകൾക്കും ലോറിക്കും കാറിനും നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് വടക്ക് ഭാഗത്തും വളഞ്ഞ വഴി എസ്എന്‍ കവല ജംഗ്ഷന് സമീപവുമാണ് കല്ലേറ് നടന്നത്.

കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് നിന്ന് ആലപ്പുഴയിലേക്ക് പോയ ഓർഡിനറി ബസ്, അമൃത ആശുപത്രിയിലേക്ക് പോയ ബസ് എന്നിവയുടെ മുൻവശത്തെ ചില്ലുകൾ ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. തൂത്തുക്കുടിയിൽ നിന്ന് കൊച്ചിയിലേക്കു പോയ കണ്ടെയ്നർ ലോറിക്ക് നേരെ നടന്ന ആക്രമണത്തിൽ മുൻ വശത്തെ ചില്ല് തകർന്നു. യാത്രക്കാരെ പിന്നീട് മറ്റ് ബസുകളിൽ കയറ്റി വിട്ടു. കൊടുങ്ങല്ലൂരിലേക്ക് പോയ ചരക്ക് ലോറിക്ക് നേരെ കാക്കാഴം മേൽപ്പാലത്തിൽ വെച്ച് നടന്ന കല്ലേറിൽ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി നവാസിന് പരിക്കേറ്റു.

ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകളിലെത്തിയ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഹര്‍ത്താലിനിടെ ആക്രമം നടത്തിയവരെ കണ്ടെത്താന്‍ വ്യാപാര സ്ഥാപനങ്ങൾ, റോഡരികിലുള്ള നിരിക്ഷണ ക്യാമറകൾ എന്നിവ പൊലീസ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. ബസുകൾക്ക് നേരെ ആക്രമണം നടന്നതോടെ പിന്നീട് കോൺവേയായി പൊലീസിന്‍റെ അകമ്പടിയോടെ ബസ് സർവീസ് നടത്തി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചത്. സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group