Join News @ Iritty Whats App Group

പോപ്പുലർ ഫ്രണ്ട് നിരോധനം: തുടർ നടപടികൾക്കായി സർക്കാർ ഉത്തരവിറങ്ങി, ഓഫീസുകള്‍ സീൽ ചെയ്യും


തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും.

അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. ആസ്തികൾ കണ്ട് കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്രസർക്കാർ നിരീക്ഷിക്കും. 

അതിനിടെ, അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ ഇന്ന് കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഒളിവില്‍ പോയ അബ്ദുള്‍ സത്താറിനെ ഇന്നലെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. അബ്ദുൾ സത്താറിനെ രാത്രിയോടെ പൊലീസ് കൊച്ചിയിലെത്തിച്ചിട്ടുണ്ട്. യുഎപിഎ, ഗൂഢാലോചന, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് അബ്ദുള്‍ സത്താറിനെതിരെ ചുമത്തിയിട്ടുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group