Join News @ Iritty Whats App Group

ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ അലക്ഷ്യമായ വാഹന പാർക്കിംഗ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കുമിടയാക്കുന്നു

ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ ഇരിട്ടി ടൗണ്‍ മുതല്‍ കീഴൂര്‍ ടൗണ്‍ വരെയുള്ള ജനത്തിരക്കേറിയ റോഡിന്റെ ഇരുവശവും അലക്ഷ്യമായും അനധികൃതമായും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കുമിടയാക്കുന്നു.

ഇരിട്ടി പാലം മുതല്‍ കീഴൂര്‍ ടൗണ്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തോളമുള്ള റോഡരികിലാണ് ഇരുവശങ്ങളിലുമായി ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. 

അലക്ഷ്യമായി റോഡിലും റോഡരികില്‍ നടപ്പാതയോട് ചേര്‍ന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിത്യേന അപകടങ്ങള്‍ക്കിടയാക്കുന്നതായും ഇതുവഴിയുള്ള കാല്‍നടക്കാര്‍ക്കും പ്രയാസം നേരിടുന്നതായും നാട്ടുകാര്‍ പറയുന്നു. 

ഇതുമൂലം ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്ക് പോകാന്‍ വേണ്ടത്ര സ്ഥലമില്ലാത്ത അവസ്ഥയുമാണുള്ളത്. എതിരെവരുന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ കഴിയാതെ സമീപത്തെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഉരസി ഡ്രൈവര്‍മാര്‍ പരസ്പരം വാക്കേറ്റത്തിലും കൈയാങ്കളിയിലും ഏര്‍പ്പെടുന്നത് പതിവുകാഴ്ചയാണ്. ഇത്തരം തര്‍ക്കങ്ങള്‍ നിത്യേന ഗതാഗത തടസ്സത്തിനും ആക്കംകൂട്ടുന്നുമുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമായി പാര്‍ക്കിങ് സ്ഥലം ഏര്‍പ്പെടുത്തുകയും ഇതിന് പുറമെ ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ഓഡിറ്റോറിയത്തിലും പഴയപാലം റോഡിലെ സ്വകാര്യ സ്ഥലത്തും പെയ്ഡ് പാര്‍ക്കിങ് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങളൊന്നും പ്രയോജനപ്പെടുത്തുന്നില്ല.

ജില്ലയുടെ പല ഭാഗങ്ങളിലായി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഇരിട്ടിക്ക് ചുറ്റുമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഇരിട്ടി വരെ അതിരാവിലെ തങ്ങളുടെ വാഹനത്തിലെത്തി റോഡരികില്‍ പകല്‍ മുഴുവന്‍ പാര്‍ക്ക് ചെയ്തശേഷം രാത്രിയിലും വൈകീട്ടുമാണ് വാഹനങ്ങള്‍ കൊണ്ടുപോകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ മാത്രം ഇരിട്ടി നഗരത്തെ ശ്വാസംമുട്ടിക്കുന്നത്.

വ്യാപാരസ്ഥാപനങ്ങളോട് ചേര്‍ന്ന് സ്വകാര്യവാഹനങ്ങള്‍ അലക്ഷ്യമായി പകല്‍ മുഴുവന്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം തങ്ങളുടെ കച്ചവടത്തെയും സാരമായി ബാധിക്കുന്നതായി ഇരിട്ടിയിലെ വ്യാപാരികള്‍ പറയുന്നു. നഗരസഭയും പൊലീസും കര്‍ശന നടപടി സ്വീകരിക്കുന്നതില്‍നിന്ന് പിറകോട്ടുപോയതാണ് ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിങ് കൂടാന്‍ കാരണമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group