Join News @ Iritty Whats App Group

കണ്ണൂരിൽ നിന്നുളള ആദ്യത്തെ സ്പീക്കർ; എ എൻ ഷംസീർ ഇനി സഭാനാഥൻ



തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ അൻവർ സാദത്തിനെ 40ന് എതിരെ 96 വോട്ടുകൾക്കാണ് ഷംസീർ തോൽപ്പിച്ചത്. കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായാണ് ചുമതലയേൽക്കുന്നത്. കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ് ഷംസീർ. കഴിഞ്ഞ ആഴ്ചയാണ് എ എൻ ഷംസീറിനെ സ്പീക്കറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. എംഎൽഎയായി രണ്ടാമൂഴത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് എത്തുകയെന്ന നേട്ടവും ഷംസീറിനെ തേടിയെത്തി. സംഘടനാ-പാർലമെന്‍ററി രംഗങ്ങളിൽ കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കണമെന്ന് ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഷംസീറിനെയും രാജേഷിനെയും നിർണായക സ്ഥാനങ്ങളിലേക്ക് പാർട്ടി നിശ്ചയിച്ചത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ അഡ്വ എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്‌. കണ്ണൂർ സർവകലാശാല യൂണിയന്‍റെ ആദ്യ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻകോളേജിൽ നിന്ന്‌ ഫിലോസഫി ബിരുദവും പാലയാട്‌ ക്യാമ്പസിൽ നിന്ന്‌ നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസിലാണ്‌ എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കി.



പ്രൊഫഷനൽ കോളേജ്‌ പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസ് മർദനത്തിനിരയായി. 94 ദിവസം ജയിൽവാസം അനുഭവിച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽവെച്ച്‌ ആർഎസ്‌എസ്‌ അക്രമത്തിനിരയായി. അന്ന്‌ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. മലബാർ കാൻസർസെന്ററിലെത്തുന്ന അർബുദരോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയചാരിറ്റബിൾ സൊസൈറ്റിവർക്കിങ്ങ്‌ ചെയർമാനായും ഷംസീർ പ്രവർത്തിച്ചുവരികയാണ്.



2016 ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്‌ ആദ്യമായി നിയമസഭാംഗമായത്‌. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്ടിൽ റിട്ട. സീമാൻ പരേതനായ കോമത്ത്‌ ഉസ്‌മാന്റെയും എ എൻ സറീനയുടെയും മകനായാണ് ഷംസീർ ജനിച്ചത്. ഭാര്യ: ഡോ. പി എം സഹല (കണ്ണൂർ സർവകലാശാല ഗസ്‌റ്റ്‌ ലക്‌ചർ). മകൻ: ഇസാൻ.

മുഖ്യമന്ത്രി പിണറായി വിജയനാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ട് ചെയ്തത്. രണ്ടാമതായി മന്ത്രി കെ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. പ്രതിപക്ഷനിരയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ആദ്യം വോട്ട് ചെയ്തത്. സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായാണ് ബാലറ്റ് പെട്ടി സജ്ജീകരിച്ചത്. ബാലറ്റിൽ അൻവർ സാദത്തിന്‍റെ പേര് ആദ്യവും എ എൻ ഷംസീറിന്‍റെ പേര് രണ്ടാതായുമാണ് നൽകിയിരുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group