Join News @ Iritty Whats App Group

ഇടുക്കി മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നു


തൊടുപുഴ: ഇടുക്കി മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നു. ചിക്കണാംകുടി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. കൈയിലും കാലിലും കടിച്ച പുലിയെ ഗോപാലൻ വാക്കത്തികൊണ്ടു വെട്ടുകയായിരുന്നു. രാവിലെ ഗോപാലൻ സഹോദരന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം.

മാങ്കുളത്തിന് സമീപം ചിക്കണം കുടി ആദിവാസി കോളനിയിൽ ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഏറെ നേരം ഗോപാലൻ പുലിയുമായി മല്ലിട്ടതായാണ് വിവരം. ഒടുവിൽ പുലി ചാവുകയായിരുന്നു.

''പുലി റോഡിൽ കിടക്കുകയായിരുന്നു. രണ്ട് ആടിനെയും കോഴികളെയും കൊന്ന പുലിയാണത്. നടന്നുപോയ എന്റെ ദേഹത്തേക്ക് ചാടി ആക്രമിച്ചു. കയ്യിലുണ്ടായിരുന്ന വാക്കത്തി വീശിയപ്പോഴാണു പുലിക്കു മുറിവേറ്റത്.''- പര‌ിക്കേറ്റ ഗോപാലൻ പറഞ്ഞു. പുലിയെ ഗോപാലൻ കൊന്നതു സ്വയരക്ഷാർത്ഥമെന്നു വനംവകുപ്പ് അറിയിച്ചു. ഗോപാലനെ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാഴ്ചയായി മേഖലയിൽ പുലി ഭീതിയുണ്ടായിരുന്നു. വ്യാപകമായി വളർത്ത് മൃഗങ്ങളെ കൊന്നിരുന്നു. ശനിയാഴ്ച പുലർച്ചെ നാലിന് പട്ടരുമഠം ഡെയ്സിയുടെ രണ്ട് ആടിനെ കൊന്നിരുന്നു. കഴിഞ്ഞദിവസം കോഴിക്കൂട് തപ്പിയെത്തിയ പുലി പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തും മുൻപേ വല മുറിച്ച് രക്ഷപ്പെട്ടിരുന്നു.

ആറാം മൈലിനു സമീപം കോട്ടായി ബിനോയിയുടെ വീടിനടുത്തു കോഴിക്കൂടിനു വിരിച്ചിരുന്ന വലയിലാണു പുലർച്ചെ പുലി കുരുങ്ങിയത്. ബഹളം കേട്ട് ബിനോയ്‌യും സമീപവാസികളും എത്തിയെങ്കിലും അതിനിടെ വല പൊട്ടിച്ച് പുലി ഓടിക്കളഞ്ഞു. കൂട്ടിലുണ്ടായിരുന്ന 5 കോഴികളെ പുലി കൊന്നതായി ബിനോയ് പറഞ്ഞു. രണ്ടാഴ്ച മുൻപ് ആറാംമൈൽ അടയ്ക്കാപറമ്പിൽ ബിജു ജോണിന്റെ 2 ആടുകളെ പുലി കൊന്നിരുന്നു.

സി സി ടി വിയിൽ പുലിയുടെ ദ്യശ്യം പതിഞ്ഞതോടെ വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും തുടർ നടപടി ഉണ്ടായിരുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group