Join News @ Iritty Whats App Group

ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ സംഭവം: ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കും


തിരുവനന്തപുരത്ത് ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോര്‍പറേഷന്‍ പിന്‍വലിക്കും. ഏഴുപേരുടെ സസ്‌പെന്‍ഷനും നാല് പേരുടെ പിരിച്ചുവിടലും റദ്ദാക്കും. മേയറും സിപിഎം ജില്ലാ നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സസ്പെന്‍ഷന്‍ ശിക്ഷാനടപടിയല്ലായിരുന്നെന്നും അന്വേഷണത്തിന്‍റെ ഭാഗമായിരുന്നെന്നും മേയര്‍ പറഞ്ഞു.

തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികള്‍ സ്വന്തം പണം നല്‍കി വാങ്ങിയ ഓണസദ്യ മാലിന്യത്തില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ 11 ജീവനക്കാര്‍ക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ നടപടി സ്വീകരിച്ചിരുന്നു. ഏഴു സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയ മേയര്‍ നാല് താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടുകയുമായിരുന്നു.

തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വ്യാപകമായ വിമര്‍ശനം ഉണ്ടായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യുകയും നാല് താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയര്‍ ഉത്തരവിട്ടത്.

ഇതിനു പിന്നാലെ വിശദീകരണവുമായി തൊഴിലാളികളും രംഗത്തെത്തിയിരുന്നു. തങ്ങള്‍ നേരിട്ട അപമാനത്തില്‍ മനംനൊന്ത് ചെയ്തതാണെന്നായിരുന്നു തൊഴിലാളികളുടെ വിശദീകരണം. പിന്നീട് ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.


Post a Comment

أحدث أقدم
Join Our Whats App Group